മലപ്പുറം: മലപ്പുറം കൊണ്ടോട്ടി കീഴ്ശേരിയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന്പോലീസ്. പ്രതി അസം സ്വദേഷി ഗുൽസാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. സമീപത്തെ സിസിടിവിദൃശ്യങ്ങള്‍ ശേഖരിച്ച പോലീസ് ദൃക്സാക്ഷികളില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ചു. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.
അസം സ്വദേശിയായ അഹദുൽ ഇസ്ലാമാണ് മരിച്ചത്. റോഡരികിലുടെ നടന്നുപോകുകയായിരുന്ന അഹദുൽ ഇസ്ലാമിനെ ഗുഡ്സ് ഓട്ടോ ഓടിച്ചെത്തിയ ഗുൽസാർ ഇടിച്ച് വീഴ്ത്തുകയായിരുന്നു. റോഡിൽ വീണ യുവാവിന്റെ ശരീരത്തിലൂടെ വീണ്ടും വാഹനം കയറ്റി ഇറക്കിയതായാണ് പോലീസ് പറയുന്നത്.
ഇരുവരും തമ്മിലുള്ള സാമ്പത്തിക തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. ഇടിച്ചിട്ട ശേഷം ഗുഡ്സ് ഓട്ടോ നിർത്താതെ പോവുകയായിരുന്നു.
അപകടം നടന്ന ഉടനെ സമീപത്തുണ്ടായിരുന്ന നാട്ടുകാർ യുവാവിനെ മഞ്ചേരി മെഡിക്കൽ കൊളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കീഴ്ശ്ശേരി മഞ്ചേരി റൂട്ടിൽ ഇസ്സത്ത് സ്കൂളിന് സമീപമാണ് അപകടം നടന്നത്.