തളിപ്പറമ്പ്(കണ്ണൂർ): നിയന്ത്രണം വിട്ട പിക്കപ്പ് വാൻ മതിലിലിടിച്ച് എറണാകുളം സ്വദേശി മരിച്ചു. മൂന്നു പേർക്ക് പരിക്ക്. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരം. എറണാകുളം കാഞ്ഞിരമറ്റത്തെ മാങ്കുഴിയിൽ വീട്ടിൽ ചന്ദ്രൻ (50) ആണ് മരിച്ചത്. കാഞ്ഞിരമറ്റത്തെ രമേശൻ (49) അതീവ ഗുരുതരാവസ്ഥയിൽ പരിയാരം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. വണ്ടിയിൽ കുടുങ്ങിക്കിടന്ന ഇയാൾ അബോധാവസ്ഥയിലാണ്.
പിക്കപ്പ് വാൻ ഡ്രൈവർ കോഴിക്കോട് പൂവാട്ടു പറമ്പിലെ സുബിൻ (29), സുബ്രൻ (51) എന്നിവരുടെ പരിക്കും സാരമുള്ളതാണ്. ഇവരും പരിയാരത്ത് ചികിത്സയിലാണ്. ഇന്ന് പുലർച്ചെ 5.15 ന് ദേശീയ പാതയിൽ ധർമശാല കെൽട്രോൺ കോംപ്ലക്സിന് മുന്നിലായിരുന്നു അപകടം. എറണാകുളത്തു നിന്നും കാസർഗോഡേക്ക് പോകുന്ന സ്വകാര്യ മണ്ണ് പരിശോധനാ ഏജൻസിയുടെ കെഎൽ 7 സിജെ 765 അശോക് ലൈലാൻഡ് ഡോസിയർ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് കെ ടിഡിസി ഹോട്ടൽ ടാമറിന്റെ മതിൽ ഇടിച്ചു തകർത്ത് നിൽക്കുകയായിരുന്നു.
വാഹനത്തിലുണ്ടായിരുന്ന ചന്ദ്രൻ സംഭവസ്ഥലത്തു തന്നെ മരിച്ചു. മതിലിനും വാഹനത്തിനുമിടയിൽ കുടുങ്ങിക്കിടന്ന രമേശനെ തളിപ്പറമ്പിൽ നിന്നും അഗ്നിശമന സേനയെത്തി വണ്ടി പൊളിച്ചാണ് പുറത്തെടുത്തത്. മറ്റ് രണ്ടു പേർക്കും വാഹനത്തിൽ നിന്നും തെറിച്ചു വീണാണ് പരിക്ക്. കണ്ണപുരം പോലീസും സ്ഥലത്തെത്തിയിരുന്നു.