ചവറ : ദേശീയപാതയിൽ ടെമ്പോ ട്രാവലറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ മരിച്ചു. ചവറ പഴഞ്ഞിക്കാവിൽ വടക്കേതളിയാഴത്ത് വീട്ടിൽ ജയപ്രകാശ് (34), ചവറ കോട്ടയ്ക്കകം വസന്തവിഹാറിൽ രാകേഷ് ( 33 ) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രി ഒന്പതിന് നല്ലേഴ്ത്ത് മുക്ക് ജംഗ്ഷനിലായിരുന്നു അപകടം. ബേപ്പൂരിൽ നിന്ന് മത്സ്യത്തൊഴിലാളികളുമായി കളിയാക്കാവിളയിലേക്ക് പോയ ടെമ്പോ ട്രാവലറും എതിരെ വരികയായിരുന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ച് വീണ ജയപ്രകാശ് തത്ക്ഷണം മരണമടയുകയായിരുന്നു. കൊല്ലത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും രാകേഷും മരണമടയുകയായിരുന്നു.
ബൈക്കിൽ ഇടിച്ച ശേഷം നിയന്ത്രണംവിട്ട ടെമ്പോ ട്രാവലർ സമീപത്തെ കടയിൽ തട്ടിയ ശേഷം മരത്തിൽ ഇടിച്ച് നിൽക്കുകയായിരുന്നു. ടെമ്പോ ട്രാവലറിൽ സഞ്ചരിച്ച രണ്ട് പേർക്ക് പരിക്കുണ്ട് .
മരിച്ച ജയപ്രകാശിന്റെ ഭാര്യ: വിജയ ലക്ഷ്മി. മകൻ : ദേവൻ. ഇരുവരുടെയും മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ട് നൽകും.