ചിങ്ങവനം: കോട്ടയം ചിങ്ങവനത്ത് കാര്‍ പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടയിൽ സ്കൂട്ടര്‍ കാറില്‍ ഇടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് തത്ക്ഷണം മരിച്ചു. ഇന്നു രാവിലെ 7.30ന് കൊല്ലാട് കല്ലുങ്കല്‍ കടവിലാണ് അപകടം. ചാന്നാനിക്കാട്, പുളിവേലില്‍ മധുസൂദനന് (66) ആണ് മരിച്ചത്.
കല്ലുങ്കല്‍ കടവിനു സമീപമുള്ള മരണവീട്ടിലേക്കു വന്നതായിരുന്നു ഇരു വാഹനങ്ങളും. പള്ളം സ്വദേശിയുടെ മഹീന്ദ്ര എക്സ്യുവിയിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.മരണവീട്ടില്‍ ആളെ ഇറക്കിയതിനു ശേഷം, അടുത്തുള്ള തുറസായ സ്ഥലത്തു പാര്‍ക്ക് ചെയ്യാൻ റോഡിൽനിന്നു കാർ പ്രവേശിക്കുന്പോൾ എതിര്‍ദിശയില്‍നിന്നെത്തിയ സ്കൂട്ടര്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ഇടിയുടെ ആഘാതത്തില്‍ കാറിനടിയിലേക്ക് സ്കൂട്ടര്‍ കയറി. അടുത്തുനിന്ന വൈദ്യുതി പോസ്റ്റില്‍ ഇടിച്ചാണ് കാര്‍ നിന്നത്. സംഭവത്തെത്തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാര്‍ മധുസൂദനനെ കാര്‍ മറിച്ചിട്ടാണ് വെളിയിലെടുത്തത്. ഈസ്റ്റ് പോലീസും, ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. പനച്ചിക്കാട് പഞ്ചായത്ത് അഞ്ചാം വാര്‍ഡ് മെംമ്പര്‍ പ്രിയാ മധുസൂദനന് ഭാര്യയാണ്.