ആലുവ: പുലരും മുമ്പേ പെട്രോൾ പമ്പിലെ ജോലിക്കായി ബൈക്കിൽ പോയ സഹപ്രവർത്തകർ അപകടത്തിൽ പെട്ട മരിച്ചെന്ന വാർത്ത ചൂർണിക്കര ഗ്രാമത്തിന് ആഘാതമായി. വെറും ഒന്നര കിലോമീറ്റർ അകലത്തിൽ മാത്രമുള്ള സുഹൃത്തുകളുടെ മരണം വിശ്വസിക്കാനാവാതെ പുലർച്ചെ തന്നെ നാട്ടുകാർ വീടുകളിലേക്കെത്തി.
ചൂർണിക്കര പഞ്ചായത്തിലെ കുന്നത്തേരി കിടങ്ങേത്ത് വീട്ടിൽ സിറാജിന്റെ മകൻ മുഹമ്മദ്സജാദും (22), മുട്ടം പരുത്തിക്കോട് റോഡിൽ പുത്തൻചിറവീട്ടിൽ പീറ്ററിന്റെ മകൻ റോബിന്റെ (30)യും വീടുകളിൽ ആളുകൾ നിറഞ്ഞു.ഇന്നലെ രാവിലെ ആറിന് ഇടപ്പള്ളി-വൈറ്റില ബൈപ്പാസിൽ ചക്കരപ്പറമ്പിലായിരുന്നു അപകടം. എളംകുളത്തെ പെട്രോള്‍ പന്പിൽ ജോലി ചെയ്യുന്ന ഇരുവരും ബൈക്കില്‍ വൈറ്റില ഭാഗത്തേക്ക് പോകവെയാണ് അപകടത്തിൽപ്പെട്ടത്.
എട്ട് വർഷത്തോളമായി കടവന്ത്രക്ക് സമീപത്തെ ഐഒസി നേരിട്ട് നടത്തുന്ന പെട്രോൾ പമ്പിൽ സൂപ്പർവൈസറാണ് റോബിൻ. ഒരുവർഷം മുമ്പാണ് സജാദ് ഇവിടെ സൂപ്പർവൈസറായെത്തുന്നത്. ഇതോടെ ഇരുവരും അടുത്ത സുഹൃത്തുക്കളായി മാറി. ദിവസവും ആറ് മുതൽ രണ്ട് വരെയുള്ള ഷിഫ്ടിൽ ജോലിചെയ്യാൻ സജാദിന്റെ ബൈക്കിൽ ഇരുവരും അഞ്ചരയോടെ പുറപ്പെടും. സജാദിന് സഹോദരി ഭർത്താവ് നൽകിയതാണ് ബൈക്ക്.
പമ്പിൽ ജോലി ചെയ്യുമ്പോഴും വിദേശത്തേക്ക് പോകാനുള്ള ശ്രമവും സജാദ് ആരംഭിച്ചിരുന്നു. ഇതിനാവശ്യമായ മെഡിക്കൽ രേഖകൾ ശരിയാക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിരുന്നു. പെട്രോൾ പമ്പിലെ ജോലിക്ക് പുറമെ ഇടപ്പള്ളി ഉണിച്ചിറയിൽ ചുമട്ടുതൊഴിലാളിയായും റോബിൻ ജോലിയിൽ പ്രവേശിച്ചിരുന്നു. പെട്രോൾ പമ്പിൽനിന്നുള്ള ആനുകൂല്യങ്ങളെല്ലാം കൈപ്പറ്റിയശേഷം ചുമട്ടുതൊഴിലാളിയായി മുഴുവൻ സമയവും ജോലി ചെയ്യാനുള്ള തീരുമാനത്തിലുമായിരുന്നു റോബിൻ.
എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റ്മാർട്ടത്തിന് ശേഷം സജാദിന്റെ മൃതദേഹം ഇന്നലെ സന്ധ്യയോടെ കുന്നത്തേരി ജുമാമസ്ജിദിൽ കബറടക്കി. സൗദയാണ് മുഹമ്മദ് സജാദിന്റെ മാതാവ്. സഹോദരി: സറീന.റോബിന്റെ മൃതദേഹം ഇന്ന് ഉച്ചക്ക് 1.30ന് കളമശേരി പത്താം പീയൂസ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും. ഏലിക്കുട്ടിയാണ് റോബിന്റെ അമ്മ. ഭാര്യ: ഷൈബി. മക്കള്‍: ആദം ജോണ്‍, നദാന്. സഹോദരന്: സിബിന് പീറ്റര്‍.