പത്തനംതിട്ട: മദ്യപിച്ച ഡ്രൈവർ ഓടിച്ച സ്വകാര്യ ബസ് നിയന്ത്രണംവിട്ട് പാതയിരികിലേക്ക് പാഞ്ഞുകയറി ഇടിച്ച് ദന്പതികൾ തത്ക്ഷണം മരിച്ചു. നൂറനാട് മുതുകാട്ടുകര ശ്യാം ഭവനിൽ ഗോപാലകൃഷ്ണന്റെ മകൻ ശ്യാംകുമാർ (30), ഭാര്യ ഏഴംകുളം നെടുമണ് കല്ലേത്ത് പുത്തൻപീടികയിൽ സത്യൻറെ മകൾ ശിൽപ സത്യൻ (26) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച ഉച്ചകഴിഞ്ഞു 3.25ന് അടൂർ വണ്വേറോഡിൽ ശ്രീമൂലം ചന്തയ്ക്കു സമീപമായിരുന്നു അപകടം. സമീപത്തെ ആശ്വാസ് മെഡിക്കൽസിൽ നിന്ന് മരുന്നു വാങ്ങിയതിനു ശേഷം പാതയിലേക്കിറങ്ങുന്പോഴാണ് അടൂർ ഭാഗത്തേക്ക് അമിതവേഗത്തിൽ എത്തിയ സ്വകാര്യ ബസ് ഇവരെ ഇടിച്ചത്. തുടർന്ന് സമീപത്തെ മാടക്കടയിലേക്ക് ഇടിച്ചുകയറിയാണ് ബസ് നിന്നത്. കടയ്ക്കു മുന്നിലെ മരവും ഇടിയുടെ ആഘാതത്തിൽ ഒടിഞ്ഞുവീണു. സമീപത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കും തകർന്നു.
വീയപുരം-മാവേലിക്കര-അടൂർ-മണ്ണടി റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ് അപകടമുണ്ടാക്കിയത്. അപകടത്തേത്തുടർന്ന് ബസിനടിയിൽ കുടുങ്ങിയ ദന്പതികളെ അടൂരിൽ നിന്ന് അഗ്നിശമനസേന എത്തി കയർ കെട്ടി ഉപയോഗിച്ച് ബസ് ഇടതുവശത്തേക്കു മറിച്ച ശേഷമാണ് പുറത്തെടുത്തത്.
രണ്ടു വർഷം മുന്പാണ് ഇരുവരുടെയും വിവാഹം നടന്നത്. തുടർന്ന് സൗദിയിൽ ജോലിക്കു പോയ ശ്യാംകുമാർ 15 ദിവസം മുന്പാണ് നാട്ടിലെത്തിയത്. ബസ് ഡ്രൈവർ ഉല്ലാസിനെ അടൂർ പോലീസ് കസ്റ്റഡിയിലെടുത്തു. കുറ്റകരമായ നരഹത്യയ്ക്ക് ഇയാൾക്കെതിരെ കേസെടുത്തു. ഇയാളെ വൈദ്യപരിശോധനയ്ക്കു വിധേയനാക്കി. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നു പോലീസ് പറഞ്ഞു.