തൃശൂർ: അമിതവേഗത്തിൽ മിനിലോറി ഓടിച്ചുണ്ടായ അപകടത്തിൽ അമ്മയും മകളും മരിച്ച കേസിൽ ഡ്രൈവർക്കു മൂന്നുവർഷവും മൂന്നുമാസവും തടവും 12,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഡ്രൈവർ പാലക്കാട് വടക്കഞ്ചേരി കിഴക്കേത്തറ കുന്നുംപുറം വീട്ടിൽ എ. മോഹൻദാസി(42)നെയാണ് തൃശൂർ മൂന്നാം അഡീഷണൽ ജില്ലാ ജഡ്ജി നിസാർ അഹമ്മദ് ശിക്ഷിച്ചത്.
പിഴയടച്ചില്ലെങ്കിൽ നാലുമാസം കൂടുതൽ തടവ് അനുഭവിക്കേണ്ടി വരും. പിഴസംഖ്യ മരിച്ച സീനയുടെ ഇളയ മകൾ അഞ്ജനയ്ക്കു നല്കണമെന്നും വിധിയിലുണ്ട്.കേച്ചേരി മുസ്ലിം പള്ളിക്കു മുമ്പിൽ 2011 ഏപ്രിൽ ഒന്നിനു പുലർച്ച 4.45 നാണ് അപകടമുണ്ടായത്.
എരനെല്ലൂർ പാങ്ങിൽ വീട്ടിൽ സുജനേന്ദ്രന്റെ ഭാര്യ സീന (38), മകൾ അപർണ (ഒമ്പത്) എന്നിവരാണ് മരിച്ചത്. ഇളയമകൾ അഞ്ജനയ്ക്കു ഗുരുതരമായി പരിക്കേറ്റിരുന്നു. കേച്ചേരി പറപ്പൂക്കാവ് പൂരം കാണുന്നതിനു സുജനേന്ദ്രനും സീനയും രണ്ടു മക്കളും റോഡരികിലൂടെ നടന്നുപോകുമ്പോഴാണ് കുന്നംകുളം ഭാഗത്തുനിന്ന് അമിതവേഗത്തിൽ വന്ന മിനി ലോറി ഇടിച്ചത്. ലോറി ഡ്രൈവർ ഓടിരക്ഷപ്പെട്ടു.