കോട്ടയം: ചായ കുടിക്കാന്‍ ലോറി നിര്‍ത്തിയിറങ്ങിയ ഡ്രൈവര്‍, വാഹനം മുന്നോട്ടുരുണ്ടുപോകുന്നതു തടയാൻ ചാടിക്കയറുന്നതിനിടെ ദാരുണാന്ത്യം. തിരുവനന്തപുരം സ്വദേശിയായ ചന്ദ്രദാസ് (68) ആണു മരിച്ചത്. മണര്‍കാട് പൗള്‍ട്രി ഫാമിനു സമീപം ഇന്നു പുലര്‍ച്ചെ രണ്ടോടെയാണ് അപകടം.
കളത്തിപ്പടിയിലെ പാചകവാതക ഏജന്‍സിയിലേക്കു സിലിണ്ടറുമായി വരികയായിരുന്നു ലോറി.എറണാകുളത്തുനിന്നു നിറച്ച സിലിണ്ടറുമായി എത്തിയ ഡ്രൈവർ ചായ കുടിക്കുന്നതിനായാണ് പൗള്‍ട്രി ഫാമിനു സമീപത്തെ തട്ടുകടയില്‍ ലോറി നിര്‍ത്തിയത്. ലോറി നിര്‍ത്തി പുറത്തിറങ്ങി നടക്കുന്നതിനിടെ ലോറി മുന്നോട്ടുരുളുകയായിരുന്നു.
ഓടിയെത്തിയ ചന്ദ്രദാസ് ലോറിയുടെ കാബിന് വഴി ചാടി ഉള്ളില്‍ കയറാന്‍ ശ്രമിച്ചു. ഇതിനിടെ ലോറി സമീപത്തെ മതിലിനോടു ചേര്‍ന്നുവന്നപ്പോള്‍ ചന്ദ്രദാസ് ഇതിനിടയില്‍പ്പെട്ടു തത്ക്ഷണം മരിക്കുകയായിരുന്നു.
അപകടത്തില്‍ സമീപത്തെ കടയുടെ ഭിത്തിയും ബോര്‍ഡും തകര്‍ന്നിട്ടുണ്ട്. ലോറിയുടെ ഹാന്‍ഡ് ബ്രേക്ക് ഇടാന്‍ മറന്നതാണ് അപകടത്തിനു കാരണമായത്.മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.