ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ജീവനക്കാരി ഭർത്താവിന്റെ സ്കൂട്ടറിൽകയറുവാൻ ശ്രമിക്കുന്നതിനിടയിൽ പിന്നിൽനിന്ന് കാറിടിച്ച് മരിച്ചു. ഗുരുതരമായ പരിക്കേറ്റ ഭർത്താവ് മെഡിക്കൽ കോളജിൽ.
മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ ഗ്രേഡ് വൺ വിഭാഗത്തിൽ ജോലി ചെയ്യുന്ന തിരുവഞ്ചൂർ പറമ്പുകര ഞാറയ്ക്കൽ രാജന്റെ ഭാര്യ സിസിലി (53) ആണ് മരിച്ചത്.
ഭർത്താവ് രാജൻ ഗുരുതര പരിക്കുകളേടെ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇന്നലെ ഉച്ചകഴിഞ്ഞ് 2.45 ന് തിരുവഞ്ചൂർ തൂത്തൂട്ടി കവലയ്ക്ക് സമീപമായിരുന്നു അപകടം.ഫസ്റ്റ് ഡ്യൂട്ടി കഴിഞ്ഞ് ഏറ്റുമാനൂർ വഴി സ്വകാര്യ ബസിൽ വീട്ടിലേക്കു പോകുകയായിരുന്നു.
തൂത്തൂട്ടി ബസ് സ്റ്റോപ്പിൽ ഭർത്താവ് രാജൻ കാത്തു നിൽക്കുകയായിരുന്നു. ബസിൽനിന്നിറങ്ങി സ്കൂട്ടറിൽ കയറുവാൻ തുടങ്ങവേ പിന്നിൽ നിന്ന് അമിതവേഗത്തിലെത്തിയ കാർ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിൽ വീണു.ഗുരുതരമായി പരിക്കേറ്റ ഇവരെ നാട്ടുകാർ മെഡിക്കൽ കോളജിലെത്തിച്ചു വെങ്കിലും രാത്രിയോടെ സിസിലി മരിച്ചു. രാജന്റെ നില ഗുരുതരമായിതുടരുന്നു.
സിസിലിയുടെമൃതദേഹം മോർച്ചറിയിൽ. സംസ്കാരം നാളെ അയർക്കുന്നം ദി പെന്തക്കോസ്ത് സ്മശാനത്തിൽ.അപകടമുണ്ടാക്കിയ കാറിനെക്കുറിച്ച് അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്ന് അയർക്കുന്നം എസ്എച്ച്ഒ ആർ. മധു അറിയിച്ചു.