കാരമുക്ക്: ചരക്ക് ലോറിക്കു പുറകിൽ ബൈക്കിടിച്ച് പ്ലസ് വണ് വിദ്യാർഥി മരിച്ച സംഭവത്തെ തുടർന്നു നിർത്താതെ പോയ ആന്ധ്ര സ്വദേശിയായ ഡ്രൈവറെ 22 ദിവസത്തെ അന്വേഷണത്തിനൊടുവിൽഅറസ്റ്റ് ചെയ്തു.ആന്ധ്രപ്രദേശ് ഗുണ്ടൂർ സ്വദേശി ശ്രീനിവാസറാവു (41) വിനെയാണ് അറസ്റ്റ് ചെയ്തത്.ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
അപകടത്തിനിടയാക്കിയ ആന്ധ്രയിൽ നിന്നെത്തിയ ലോറിയും , അന്തിക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു.മണലൂർ പെരിങ്ങായിൽ വീട്ടിൽ സജീവന്റെ മകൻ ഹരി നാരായണൻ (18) അപകടത്തിൽ മരിച്ചത്.മണലൂർ പൊങ്ങണ മൂല വീട്ടിൽ അർജുൻ കിഷോറിനെ സാരമായ പരിക്കുകളോടെ ആശുപത്രിയിലുമാക്കിയിരുന്നു.
കഴിഞ്ഞ ഏഴിനു പുലർച്ചെ കാരമുക്കിൽ വച്ചായിരുന്നു അപകടം. ആന്ധ്രയിൽ നിന്നും അരിയുമായി വന്ന ലോറി പുലർച്ചെ വളവിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. പുറകിലെ പാർക്കിംഗ് ലൈറ്റുകൾ ഇല്ലാതിരുന്നതിനാൽ വണ്ടികാണാതെ വന്ന വിദ്യാർഥികൾ ലോറിക്കു പുറകിൽ ബൈക്ക് ഇടിച്ചുകയറ്റുകയായിരുന്നു. ലോറി ഡ്രൈവർ സംഭവം അറിഞ്ഞില്ലെന്ന മട്ടിൽ സ്ഥലം വിടുകയായിരുന്നു.
അന്തിക്കാട് എസ്.ഐ: കെ.എസ് സൂരജിന്റെ നേതൃത്വത്തിൽ അന്യസംസ്ഥാന ലോറികളിൽ വ്യാപകമായ തിരച്ചിൽ നടത്തി. ഇതിനിടയിൽ തൃപ്രയാറിനു സമീപത്തു നിന്നു ലഭിച്ച സി.സി.ടി.വി ദൃശ്യത്തിൽ നിന്നും ലോറി തിരിച്ചറിയുകയും ചെയ്തു.തുടർന്നു ലോറി നന്പറും വിവരങ്ങളും എല്ലാ ഗോഡൗണുകളിലും നൽകി പോലീസ് കാത്തിരുന്നു.
22 ദിവസങ്ങൾക്കു ശേഷം വീണ്ടും അരിയുമായി കാട്ടൂർ പ്രദേശത്ത് എത്തിയപ്പോൾ പോലീസിനു കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് സ്ഥലത്തെത്തി ലോറിയും, ഡ്രൈവർ ആന്ധ്രപ്രദേശ് ഗുണ്ടൂർ സ്വദേശി ശ്രീനിവാസറാവു (41) വിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. സി.പി.ഒ മാരായ ഫൈസൽ, വികാസ്, മാധവൻ, തോമസ് ,അജിത്ത്, ഹോം ഗാർഡ് ജനാർദ്ദനൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.