പരിയാരം: തിരുവനന്തപുരം സ്വദേശി പിലാത്തറ ചുമടുതാങ്ങിയില്‍ വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ അപകടത്തിനിടയാക്കിയെന്ന് സംശയിക്കുന്ന മാരുതി റിസ്റ്റ് കാര്‍ പരിയാരം മെഡിക്കല്‍ കോളജ് പോലീസ് കസ്റ്റഡിയിലെടുത്തു. കാറിന് ചില കേടുപാടുകള്‍ കണ്ടെങ്കിലും ചോദ്യം ചെയ്യലില്‍ താന്‍ അതുവഴി പോയിട്ടില്ലെന്നാണ് കാറുടമ പോലീസിനോട് പറഞ്ഞത്.
ഇയാളുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ സൈബര്‍സെല്‍ വഴി പരിശോധിക്കുമെന്ന് പരിയാരം എസ്ഐ വി.ആര്.വിനീഷ് പറഞ്ഞു. മറ്റൊരു വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. നെയ്യാറ്റിന്‍കര ഉദയന്‍കുളങ്ങരയിലെ ശേഖരന്‍നായർ-കൃഷ്ണമ്മ ദമ്പതികളുടെ മകന് എസ്.ഹരികുമാര്‍(42)ആണ് അപകടത്തില്‍ മരിച്ചത്. പാപ്പിനിശേരി-പിലാത്തറ കെഎസ്ടിപി റോഡില്‍ പിലാത്തറ ചുമടുതാങ്ങിയില്‍ വെള്ളിയാഴ്ച്ച രാത്രി ഒന്‍പതരക്കായിരുന്നു അപകടം.
ചുമടുതാങ്ങിയിലെ പവിഴം സിമന്റ് ഡിസൈന്‍ വര്‍ക്സ് ഉടമയായ ഹരികുമാര്‍ 25 വര്‍ഷമായി ഇവിടെ ജോലിക്കാരോടൊപ്പം വാടകക്വാര്‍ട്ടേഴ്സില്‍ താമസിച്ചുവരികയായിരുന്നു. രാത്രി പാര്‍സല്‍ ഭക്ഷണം വാങ്ങി റോഡരികിലൂടെ നടന്നുപോകവെയാണ് ഹരികുമാറിനെ അജ്ഞാതവാഹനം ഇടിച്ചത്. തെരുവ് വിളക്കുകളില്ലാത്ത സ്ഥലമായതിനാല്‍ റോഡില്‍ വീണുകിടക്കുന്നത് പെട്ടെന്ന് ആരും കണ്ടില്ല. പിന്നീട് അതുവഴിവന്ന വാഹനയാത്രികരാണ് വിവരം നാട്ടുകാരെ അറിയിച്ചത്.
ഉടന്‍ പരിയാരം മെഡിക്കല്‍ കോളജില്‍ എത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ പുലര്‍ച്ചെ രണ്ടരയോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും സ്ഥിതി അതീവ ഗുരുതരമായതിനാല്‍ വഴിക്ക് വെച്ച് പരിയാരത്തേക്ക് തന്നെ തിരിച്ചുകൊണ്ടുവരികയായിരുന്നു.
ഇവിടെ വെന്റിലേറ്ററില്‍ കഴിഞ്ഞുവന്ന ഹരികുമാര്‍ ഇന്നലെ രാവിലെ പത്തരയോടെയാണ് മരിച്ചത്. മഞ്ജു എന്ന ജലജകുമാരിയാണ് ഭാര്യ. മക്കള്‍: പാര്‍വതി, ശ്രീലക്ഷ്മി. സഹോദരങ്ങള്‍: ഗോപകുമാര്‍, കൃഷ്ണകുമാര്‍. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തശേഷം നാട്ടിലേക്ക് കൊണ്ടുപോയി.