ടെക്സസ്: നവംബര്‍ മൂന്നിനു ശനിയാഴ്ച വൈകിട്ട് വിവാഹിതരായ സാം ഹൂസ്റ്റണ്‍ യൂണിവേഴ്സിറ്റിയിലെ സീനിയര്‍ വിദ്യാര്‍ത്ഥികളായ വില്‍ ബൈലര്‍, ബെയ്ലി ഐക്കമാന്‍ എന്നീ നവദമ്പതികള്‍ വിവാഹ ചടങ്ങുകള്‍ പൂര്‍ത്തീകരിച്ച് യാത്രപുറപ്പെട്ട ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു കൊല്ലപ്പെട്ടു. വിമാനത്തിന്റെ പൈലറ്റായിരുന്ന ജെറാള്‍ഡ് ഗ്രീന്‍ ലോറന്‍സും കൊല്ലപ്പെട്ടതായി നാഷണല്‍ ട്രാന്സ്പോര്ട്ടേഷന് സേഫ്റ്റി ബോര്‍ഡ് എയര്‍ സേഫ്റ്റി ഇന്‍വെസ്റ്റിഗേറ്റര്‍ ക്രേഗ് ഹാച്ച് നവംബര്‍ അഞ്ചിനു തിങ്കളാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ശനിയാഴ്ച അര്‍ധരാത്രി സാന്‍അന്റോണിയോയില്‍ നിന്നും നൂറുമൈല്‍ ദൂരെയുള്ള വനപ്രദേശത്താണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. സാം ഹൂസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ അഗ്രിക്കള്‍ച്ചറല്‍ ആന്‍ഡ് എന്‍ജിനീയറിംഗ് സീനിയര്‍ വിദ്യാര്‍ത്ഥിനിയായിരുന്നു വധു. ഇതേ യൂണിവേഴ്സിറ്റിയിലെ അഗ്രിച്ചക്കള്‍ച്ചറല്‍ കമ്യൂണിക്കേഷന്‍ സീനിയര്‍ വിദ്യാര്‍ത്ഥിയാണ് വരന്.
വിയറ്റ്നാമില്‍ ആര്‍മി ക്യാപ്റ്റനായി സേവനം അനുഷ്ഠിച്ചിട്ടുള്ള പൈലറ്റിനു ഹെലികോപ്റ്റര്‍ സഞ്ചരിച്ച പാത വളരെ പരിചിതമായിരുന്നുവെന്നു മകള്‍ അമിലിന് പറഞ്ഞു. സാന്‍അന്റോണിയോ ഫയര്‍ ഡിപ്പാര്‍ട്ട്മെന്റും, ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷനും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
റിപ്പോര്‍ട്ട്: പി.പി. ചെറിയാന്