ചിങ്ങവനം: ചോരക്കറ മായാതെ എംസിറോഡ്. റോഡ് വികസനത്തിന് ശേഷം കുറിച്ചിക്കും കോടിമതയ്ക്കും ഇടയ്ക്ക് റോഡിൽ പൊലിഞ്ഞത് പതിനഞ്ചിലധികം ജീവനുകളാണ്. കൂടാതെ ഗുരുതരമായി പരിക്കേറ്റവരും നിരവധിയാണ്. ഏറ്റവും ഒടുവിൽ ഇന്നലെ രാത്രി 9.30ഓടെ ബൈക്കുകളും, കാറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു.
ചങ്ങനാശേരി, കൂനംന്താനം കറുകപ്പള്ളിൽ ഷെറിൻ സണ്ണി(28), കുറിച്ചി, തെക്കേകുന്നേൽ പ്രശാന്ത്(28) എന്നിവരാണ് മരിച്ചത്. മറ്റു രണ്ട് പേർക്ക് പരിക്കേറ്റു മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഓവർടേക്കിംഗാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
സംഭവ സമയത്ത് ഓവർടേക്ക് ചെയ്തു കടന്നു പോയ ലോറിയും കാറും ചിങ്ങവനം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സയന്റിഫിക് പരിശോധനയിലൂടെയെ അപകടത്തിനിടയാക്കിയ വാഹനത്തെ കണ്ടുപിടിക്കാനാകു എന്നാണ് പോലീസ് പറയുന്നത്.
റിട്ട.കെഎസ്ആർടിസി കണ്ടക്ടർ റോഡ് കുറുകെ കടക്കുന്നതിനിടയിൽ ചിങ്ങവനത്ത് കെഎസ്ആർടിസി ബസിടിച്ചു മരിച്ചത്് ഏതാനും ദിവസങ്ങൾക്ക് മുൻപാണ്. റോഡ് കുറുകെ കടക്കുന്നതിനിടയിൽ കോട്ടയത്തു നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ലിമിറ്റഡ് സ്റ്റോപ് ഫാസ്റ്റ് പാസഞ്ചർ മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിനിടയിൽ ഇടിക്കുകയായിരുന്നു.
ശരീരത്തിൽ കൂടി ബസ് കയറിയിറങ്ങി ചതഞ്ഞരഞ്ഞ നിലയിലായിരുന്നു. അടിക്കടി അപകടങ്ങൾ പെരുകുന്നത് കണ്ടിട്ടും അധികൃതർക്കനക്കമില്ലെന്നാണ് നാട്ടുകാരുടെ പരാതി. റോഡ് നിർമ്മാണത്തിലെ അപാകതകളാണ് അപകടങ്ങൾക്ക് കാരണമെന്നാണ് നാട്ടുകാരുടെ അഭിപ്രായം. ചങ്ങനാശേരിക്കും കോട്ടയത്തിനുമിടയിൽ കുറിച്ചി മുതൽ കോടിമത വരെയുള്ള ഭാഗങ്ങളിൽ ഡിവൈഡർ സ്ഥാപിച്ച് ഓവർടേക്കിംഗ് ഒഴിവാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
പ്രശാന്തിന്റെ സംസ്കാരം ഇന്ന് നാലിന് വീട്ടുവളപ്പിൽ നടക്കും. അമ്മ പ്രസന്ന. സഹോദരൻ പ്രജീത്. പ്രശാന്ത് അവിവാഹിതനാണ്. കുറിച്ചി കവലയിലെ ഓട്ടോ ഡ്രൈവറാണ്. ഷെറിന്റെ സംസ്കാരം നാളെ മൂന്നിന് വടക്കേക്കര സെന്റ്മേരീസ് പള്ളിയിൽ. മാതാവ് ഡോളി. സഹോദരങ്ങൾ: ജെറിൻ (ദുബായ്), മെറിൻ.