അങ്കമാലി: ഗൾഫിൽ നിന്നെത്തുന്ന മകനെ സ്വീകരിക്കാൻ വിമാനത്താവളത്തിലേക്ക് പോയ ദമ്പതികൾ അപകടത്തിൽ പെട്ടു. ഭാര്യ മരിച്ചു. ഭർത്താവ് പരുക്കുകളോടെ ആശുപത്രിയിൽ. മുണ്ടക്കയം ആഞ്ഞിലിമുട്ടിൽ സതീഷ് ബാബുവിന്റെ ഭാര്യയും ഒളയനാട് എസ്ജിഎം യുപി സ്കൂളിലെ ഹെഡ്മിസ്ട്രസുമായ ലൈല (55) ആണ് മരിച്ചത്. ഭർത്താവ് സതീഷ് ബാബുവിനെ പരുക്കുകളോടെ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നു പുലർച്ചെ രണ്ടരയോടെ എംസി റോഡിൽ മറ്റൂർ ആശുപത്രിക്കു സമീപത്താണ് അപകടം. കോട്ടയം ഭാഗത്തേക്ക് പോയ നാഷണൽ പെർമിറ്റ് ലോറിയിൽ ദമ്പതികൾ സഞ്ചരിച്ചിരുന്ന കാർ ഇടിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കുന്നതിനു മുൻപേ ലൈലയുടെ മരണം സംഭവിച്ചിരുന്നു. ഇടിയുടെ ആഘാതത്തിൽ തലയ്ക്കകത്ത് രക്തസ്രാവമമുണ്ടായതാണ് മരണത്തിനിടയാക്കിയത്.
ബാംഗ്ലൂരിൽ ദന്തഡോക്ടറായ സഹോദരി ആര്യയുടെ വിവാഹ ഒരുക്കങ്ങൾക്കായിട്ടാണ് റെലീഷ് സൗദിയിൽ നിന്നും നാട്ടിലേക്കെത്തിയത്. തന്നെ സ്വീകരിക്കാനെത്തിയ അമ്മ അടുത്തെത്തുന്നതിന് അഞ്ചു കിലോമീറ്ററുകൾക്കു മുൻപ് അപകടത്തിൽ മരിച്ചെന്ന വാർത്തയാണ് റെലീഷിനെ തേടിയെത്തിയത്. കാലടി പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. അങ്കമാലി സർക്കാർ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.