തിരുവനന്തപുരം: ടാങ്കർ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ദന്പതികൾ മരിച്ചു. പാച്ചല്ലൂർ വാഴമുട്ടം മഞ്ചാടി വീട്ടിൽ മധു (40), ഇദ്ദേഹത്തിന്റെ ഭാര്യ രജനി (35) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെ പൂന്തുറ ബൈപ്പാസ് റോഡിൽ കുമരിചന്തയ്ക്ക് സമീപമായിരുന്നു അപകടം. തിരുവല്ലത്ത് നിന്നും പൂന്തുറയിലേക്ക് ബുള്ളറ്റിൽ പോകുകയായിരുന്നു മധുവും രജനിയും.
എതിർ ദിശയിൽ നിന്നും അമിത വേഗതയിലെത്തിയ ടാങ്കർ ലോറി ഇരുവരെയും ഇടിച്ച് തെറിപ്പിച്ച ശേഷം ശരീരത്തിലൂടെ കയറിയിറങ്ങിയതിനെ തുടർന്ന് ഇരുവരും തൽക്ഷണം മരിച്ചുവെന്ന് പോലീസ് പറഞ്ഞു. രോഷാകുലരായ നാട്ടുകാർ ടാങ്കർ ലോറി തടഞ്ഞിട്ട് റോഡ് ഉപരോധിച്ചു. പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.
വിദേശത്തായിരുന്ന മധു മൂന്നാഴ്ച മുൻപാണ് നാട്ടിൽ അവധിക്കെത്തിയത്. പുതുതായി നിർമ്മിച്ച വീടിന്റെ ഗൃഹപ്രവേശം വ്യാഴാഴ്ച നടക്കാനിരിക്കെയായിരുന്നു ദാരൂണാന്ത്യം സംഭവിച്ചത്. ഗൃഹപ്രവേശനത്തിന് ബന്ധുക്കളെ ക്ഷണിക്കാൻ പോകവെയാണ് അപകടം സംഭവിച്ചത്. നിഥിന, നിഖിന എന്നിവർ മക്കളാണ്. ട്രാഫിക് പോലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.