കൊണ്ടോട്ടി: കോഴിക്കോട്-പാലക്കാട് ദേശീയപാത- 213 മലപ്പുറത്തിനടുത്തു പൂക്കോട്ടൂരിൽ കാർ നിയന്ത്രണം വിട്ടു മതിലിൽ ഇടിച്ചു മൂന്നു യുവാക്കൾ മരിച്ചു. മോങ്ങം ആനക്കച്ചേരി ബീരാൻകുട്ടിയുടെ മകൻ ഉനൈസ്(ഇണ്ണി- 28), കൊണ്ടോട്ടി നെടിയിരുപ്പ് കാവുങ്ങൽ പറന്പിൽ അഹമ്മദ്കുട്ടിയുടെ മകൻ സനൂപ്(23), മൊറയൂർ കുറുങ്ങോടൻ അബ്ദുൾ റസാഖിന്റെ മകൻ ശിഹാബുദീൻ(24) എന്നിവരാണ് മരിച്ചത്. ഇന്നു പുലർച്ചെ 2.45 ഓടെ പൂക്കോട്ടൂർ പള്ളിപ്പടിയിലാണ് കെ.എൽ.55 ക്യൂ 2835 ടയോട്ട ആൾട്ടിസ് കാർ അപകടത്തിൽ പെട്ടത്.
ഗൾഫിൽ നിന്നെത്തിയ ശിഹാബുദീനു കരിപ്പൂരിൽ നിന്നു സ്വീകരിച്ചു വീട്ടിലിറക്കി മൂവരും മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്പോഴാണ് അപകടം. നിയന്ത്രണം വിട്ട കാർ സമീപത്തെ വീട്ടു മതിലിലിടച്ച് പൂർണമായും തകർന്നു. ഇടിയുടെ ആഘാതത്തിൽ ഗേറ്റ് അടക്കം ദൂരേക്ക് തെറിച്ചു പോയി.
നാട്ടുകാരും മലപ്പുറം ഫയർഫോഴ്സും ചേർന്നു കാർ വെട്ടിപ്പൊളിച്ചു ഏറെ പണിപെട്ടാണ് മൂവരെയും പുറത്തെടുത്തത്.ഇവർ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. മഞ്ചേരി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
ഉനൈസ് വിദേശത്തേക്കു പോകാൻ തയാറെടുക്കുകയായിരുന്നു. ഭാര്യ ജുവൈരിയ ഗർഭിണിയാണ്.മാതാവ്: ഫാത്തിമ സുഹ്റ. സഹോദരൻ: ഫവാസ് (ദമാം). കോളനി റോഡിൽ പലച്ചരക്കു കച്ചവടം നടത്തിവരികയാണ് സനൂപ്. മാതാവ്: സക്കീന. സഹോദരങ്ങൾ: ഷഹർബാൻ, ഷബീബ, സമീർ. ശിഹാബുദീൻ നിക്കാഹ് കഴിഞ്ഞു വിവാഹത്തിനായി നാട്ടിലെത്തിയതാണ്. മാതാവ്: സഫിയ. സഹോദരങ്ങൾ: മുസാഫിർ, അൻവർ സാദത്ത്, റുബീന.