മങ്കൊമ്പ്: ഗുരുതര കരൾ രോഗബാധയെത്തുടർന്ന് ചികിത്സ യ്ക്കായി സുമനസുകളുടെ കാരുണ്യം കാത്തിരുന്ന യുവതി വാഹനാപകടത്തെത്തുടർന്ന് ചികിത്സയിലിരിക്കെ മരിച്ചു.
നെടുമുടി പഞ്ചായത്ത് പൊങ്ങ എഴുപതിൽചിറ അന്നമ്മ തോമസാ (മിനി-42) ണ് മരിച്ചത്. കഴിഞ്ഞ വിഷു ദിനത്തിൽ ചികിത്സയുടെ ഭാഗമായി വിവിധ ടെസ്റ്റുകൾക്കായി ആലപ്പുഴയിൽ പോയി മടങ്ങുന്നതിനിടെയാണ് അപകടം നടന്നത്.
ഗുരുതര പരിക്കുകളോടെ ആലപ്പുഴ വണ്ടാനം മെഡിക്കൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയ്ക്കു രണ്ടോടെയാണ് മരണം സംഭവിച്ചത്.
അപകടസമയത്ത് ഒപ്പമുണ്ടായിരുന്ന വൃദ്ധമാതാപിതാക്കളായ കുഞ്ഞുമോനും അമ്മിണിയും ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. മാതാപിതാക്കളുടെ മാത്രം സംരക്ഷണയിലായിരുന്ന മിനിയുടെ വാർത്ത കഴിഞ്ഞ 30ന് ദീപിക റിപ്പോർട്ട് ചെയ്തിരുന്നു.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി അടുത്തതവണ ചികിത്സയ്ക്കായെത്തുമ്പോൾ വിവിധ പരിശോധനകൾ നിർദേശിച്ചിരുന്നു.
ഇതിനായി വിഷു ദിനത്തിൽ മാതാപിതാക്കൾക്കൊപ്പം ആലപ്പുഴയിൽ പോയി മടങ്ങുന്നതിനിടെയാണ് അപടം സംഭവിച്ചത്. കൈതവന ജംഗ്ഷനു സമീപം ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും മിനിലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
തുടർന്ന മൂവരേയും ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗം മൂർഛിച്ചതിനെത്തുടർന്ന് മിനിയെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയിരുന്നു.
ഇന്നലെ ആരോഗ്യസ്ഥിതി കൂടുതൽ മോശമായതിനെത്തുടർന്ന് യുവതിയെ ഐസിയുവിലേക്കു മാറ്റുകയും ഇന്നു രണ്ടോടെ മരണം സംഭവിക്കുകയുമായിരുന്നു. മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട്. സഹോദരങ്ങൾ: പൗളി, കുഞ്ഞുമോൾ.