പറവൂർ: ചേന്ദമംഗലം കവലയിൽ മൊബൈല്‍ പൈലിങ് വാഹനം നിയന്ത്രണം വിട്ട് ഇടിച്ചുകയറി സൈക്കിൾ യാത്രികനായ പത്ര വിതരണക്കാരൻ നന്തികുളങ്ങര കുറുപ്പന്തറ സോമൻ (72) തൽക്ഷണം മരിച്ചു.
അപകടത്തെ തുടർന്ന് സമീപത്തെ പഴയ ഇരുനില കെട്ടിടത്തിലേക്ക് ഇടിച്ചു കയറിയ വാഹനം ഇതിലെ കട മുറികൾ പൂർണമായി തകർത്തു. ഇന്ന് പുലർച്ചെ 3.30 ന് ആലുവ ഭാഗത്തേക്ക് പോകുകയായിരുന്ന വാഹനം കാറിൽ ഇടിച്ച ശേഷമാണ് സെക്കിളിലും കെട്ടിടത്തിലും ഇടിച്ചത്.
ഏകദേശം നൂറ് വർഷം പഴക്കമുള്ള കെട്ടിടത്തിന്റെ താഴെ നിലയിൽ പ്രവർത്തിച്ചിരുന്ന പലചരക്ക്, ഹെൽമറ്റ്, ഐസ്ക്രീം പാർലർ കടകൾ പൂർണമായി തകർന്നു. മുകൾനിലയിലെ മുൻ കോൺഗ്രസ് ഓഫിസ്, ശാസ്ത്ര സാഹിത്യ പരിഷത്ത് ഓഫീസ് എന്നിവയും നിലംപൊത്തി.
പള്ളിത്താഴം സ്വദേശിനി സിസിലി സണ്ണിയുടെതാണ് കെട്ടിടം. ടിഎൻ 82 ടി 0864 നന്പരിലുള്ള ഒഎസ്ജി കമ്പനിയുടെ വാഹനമാണ് അപകടമുണ്ടാക്കിയത്. പറവൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് വൈകീട്ട് മൂന്നിന് തോന്ന്യകാവ് ശ്മശാനത്തിൽ സംസ്കരിക്കും. ഭാര്യ: രമ, മക്കൾ: വർഷ, മേഘ. മരുമക്കൾ: സിബു, അനീഷ്.