നെന്മാറ: മംഗലം-ഗോവിന്ദാപുരം പ്രധാന പാതയിൽ കുന്പളക്കോട് പാലത്തിനു സമീപം ബസും കാറും കൂട്ടിയിടിച്ച് ഭർത്താവും ഭാര്യയും മരിച്ചു. തൃശൂർ എളംതിരുത്തി തെക്കെത്തറ രാമകൃഷ്ണന്റെ മകൻ മണികണ്ഠൻ(31), ഭാര്യ മല്ലിക (24) എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ 7.15 നാണ് അപകടം.
തൃശൂരിൽനിന്ന് ഇവർ കൊല്ലങ്കോടുള്ള പെരിങ്ങോട്ടുകാവ് അന്പലത്തിലേക്കു പോവുന്നതിനിടെയാണ് അപകടം. തൃശൂർ ഭാഗത്തേക്കു പോവുകയായിരുന്നു കെഎസ്ആർടിസി ബസ്. കാർ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് അപകടം നടന്നതെന്നു ദൃക്സാക്ഷികൾ പറയുന്നു. ഗുരുതരമായി പരിക്കേറ്റ ദന്പതികളെ ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് കാറിൽനിന്ന് പുറത്തെടുത്തത്.
ഇരുവരേയും നെന്മാറ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ എത്തിച്ച് ചികിത്സ നൽകിയെങ്കിലും സാരമായി പരിക്കേറ്റ മല്ലിക മരിച്ചിരുന്നു. മണികണ്ഠനെ തൃശൂരിലേക്ക് കൊണ്ടുപോകുന്നതിനിടെ വഴിമധ്യേയും മരിച്ചതായി പോലീസ് അറിയിച്ചു.