റോം: സംഭരണശാലയിൽ സൂക്ഷിച്ചിരുന്ന കൂറ്റൻ ചീസ് കട്ടകൾ ശരീരത്തിൽ പതിച്ച് വയോധികൻ മരിച്ചു. ഇറ്റലിയിലെ ലോംബാഡിയിൽ ചീസ് ഉൽപാദകശാല നടത്തുന്ന ജിയകാമോ ചിയപരിനി(74) എന്നയാളാണ് മരിച്ചത്.
ബെർഗാമോ മേഖലയിലെ റൊമാനോ ഡി ലോംബാഡിയ എന്ന ചെറുപട്ടണത്തിൽ ഞായറാഴ്ചയാണ് അപകടം നടന്നത്. സംഭരിച്ചുവച്ചിരുന്ന ചീസ് കട്ടകൾ പരിശോധിക്കാനായി ചിയപരിനി ഷെൽഫുകൾക്കിടയിൽ നിൽക്കുന്നതിനിടെ, ഒരു ഷെൽഫ് മറിഞ്ഞുവീണാണ് അപകടം സംഭവിച്ചത്.
40 കിലോഗ്രാമോളം ഭാരമുള്ള ചീസ് വീലുകൾ സൂക്ഷിച്ചിരുന്ന ഷെൽഫുകൾ ഒന്നിന് മുകളിൽ ഒന്നായി തട്ടിത്തട്ടി വീണതോടെ, ചിയപരിനി ഇതിനടിയിൽ പെട്ടുപോവുകയായിരുന്നു.
ടൺകണക്കിന് ഭാരം വരുന്ന ചീസ് കട്ടകൾക്കും ഷെൽഫുകൾക്കുമിടയിൽ പെട്ടുപോയ ഇയാളെ 12 മണിക്കൂർ നീണ്ടുനിന്ന പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്.
ചീസ് കട്ടകൾ എടുത്തുമാറ്റാൻ ഉതകുന്ന യന്ത്രഭാഗങ്ങൾ ലഭ്യമല്ലാത്തതിനാൽ രക്ഷാപ്രവർത്തകർ കൈകൾ ഉപയോഗിച്ചാണ് ഇവ സ്ഥലത്ത് നിന്ന് നീക്കിയത്.