കോട്ടയം: വാഹനമിടിച്ചു വ്യാപാരി മരിച്ച സംഭവത്തില്‍, വാഹനത്തിന്റെ ശബ്ദത്തില്‍നിന്നു കിട്ടിയ സൂചനയില്‍ പ്രതിയെ പോലീസ് പിടികൂടി. വാഹനവും കസ്റ്റഡിയിൽ എടുത്തു.
മണിമല കടയനിക്കാട് ഷാപ്പിനുസമീപം കട നടത്തിയിരുന്ന കടയനിക്കാട് സ്വദേശിയെ ഇടിച്ചശേഷം വാഹനം നിര്‍ത്താതെ പോകുകയായിരുന്നു.
പാലാ അന്തിനാട് സ്വദേശി പുളിക്കല്‍ അനീഷ് ചന്ദ്രനെയും ഇടിച്ച വാഹനവുമാണ് മണിമല പോലീസ് കണ്ടെത്തിയത്. നാലിനു രാത്രി 8.45നു കടയടച്ച് റോഡിന്റെ വശംചേർന്നു വീട്ടിലേക്കു നടന്നുപോവുകയായിരുന്ന കമലനെ മണിമലയില്‍നിന്നു വന്ന വാഹനമാണ് ഇടിച്ചുതെറിപ്പിച്ചശേഷം നിര്‍ത്താതെ പോയത്.
രക്തം വാര്‍ന്ന് റോഡില്‍ കിടന്ന കമലനെ അതുവഴി വന്ന സ്കൂട്ടര്‍ യാത്രക്കാരും അയല്‍വാസികളും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ദൃക്സാക്ഷികള്‍ ഇല്ലാതിരുന്ന സംഭവത്തില്‍ വാഹനം കണ്ടെത്താന്‍ സാധിക്കാത്തതിനെത്തുടര്‍ന്ന് ജില്ലാപോലീസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയായിരുന്നു.
അപകടം നടന്ന പരിസരത്തു താമസിക്കുന്ന ഒരാൾ നല്കിയ വാഹനത്തിന്റെ ശബ്ദത്തിന്റെ സൂചനയില്‍ നിന്നാണ് അന്വേഷണം ആരംഭിച്ചത്.
കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിലെയും വീടുകളിലെയും ആരാധനാലയങ്ങളിലെയും 150 സിസിടിവി കാമറകളും നൂറില്‍പ്പരം വാഹനങ്ങളും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇടിച്ച വാഹനം കണ്ടെത്തിയത്.