പെരുമ്പാവൂർ: തോട്ടുവ – കാലടി റൂട്ടിൽ, ഓണമ്പിള്ളി ബസ് സ്റ്റോപ്പിൽ നിന്നു കയറിയ യാത്രക്കാരൻ സ്റ്റോപ്പിൽ നിന്ന് ഏതാനും വാര അകലെവച്ച് ഡോറിൽ നിന്ന് തെറിച്ചുവീണ് മരണമടഞ്ഞ സംഭവത്തിൽ ഹൈക്കോടതിയുടെ നിർദേശാനുസരണം മോട്ടോർ വാഹന വകുപ്പ് അന്വേഷണം നടത്തി. ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി, അപകടം നടന്ന സമയത്ത് സമീപം ഉണ്ടായിരുന്നവരുടെ മൊഴിയെടുത്തു .
വാഹനം പരിശോധിച്ചതിൽ പിന്നിലെ വാതിലിനോ, അതിന്റെ ലോക്കിനോ തകരാറുകൾ ഒന്നും ഇല്ലായിരുന്നുവെന്ന് ബോധ്യപ്പെട്ടു. വാതിൽ തുറന്നിരുന്നതും ഡ്രൈവറുടെയും കണ്ടക്ടറുടെയും അശ്രദ്ധയുമാണ് അപകടകാരണമെന്നും അവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും പെരുമ്പാവൂർ ജോയിന്റ് ആർടിഒ ബി. ഷെഫീഖ് പറഞ്ഞു.
വാതിലുകൾ കെട്ടി വച്ച് സർവീസ് നടത്തുന്ന ബസുകളുടെ കയറുകൾ മുറിച്ചുകളയുകയും കേസെടുക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ മാത്രം 15 കേസുകൾ രജിസ്റ്റർ ചെയ്തു. വാതിലുകൾ തുറന്ന് വച്ച് സർവീസ് നടത്താൻ പാടില്ലെന്നും അങ്ങനെ ഉണ്ടായാൽ പ്രഥമ ഉത്തരവാദികൾ ജീവനക്കാർ ആയിരിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ന്യൂ മാറ്റിക് ഡോറുകളുടെ ചുമതല ഡ്രൈവർക്കും സാധാരണ വാതിലുകളുടെ നിയന്ത്രണ ചുമതല കണ്ടക്ടർക്കും ആയിരിക്കും. എംസി റോഡിൽ കെഎസ്ആർടിസി ബസപകടങ്ങളിൽ മരണനിരക്ക് വർധിച്ചുവരുന്നത് പരിഗണിച്ച് ഐയ്സ് ഓൺ ദി റോഡ് എന്ന പരിശോധന പദ്ധതിയുടെ പ്രാഥമിക നടപടികൾ പൂർത്തിയായതായി ജോയിന്റ് ആർടിഒ പറഞ്ഞു.
ഒക്കലിൽ നടന്ന അപകടത്തിൽ ലോറി ജീവനക്കാർ മരിച്ചതിനെ തുടർന്ന് പെരുമ്പാവൂർ കെഎസ്ആർടിസി സ്റ്റാൻഡിൽ ചെന്ന് പരിശോധിച്ചതിൽ സ്പീഡ് ഗവർണർ പ്രവർത്തനക്ഷമമല്ലാത്ത അഞ്ച് ബസുകൾക്ക് നോട്ടീസ് നൽകിയിരുന്നു. എറണാകുളം എൻഫോഴ്സ്മെന്റ് ആർടിഒയുടെ കീഴിലുള്ള സ്ക്വാഡുകളെയും പരിശോധനയ്ക്ക് വിന്യസിച്ചിട്ടുണ്ട്.