പയ്യന്നൂര്‍(കണ്ണൂർ): എടാട്ട് ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. മരപ്പണിക്കാരനായ മംഗലാപുരം ഉഡുപ്പി ബൈന്തൂരിലെ രാമചന്ദ്ര ആചാരി-ബിന്ദുലേഖ ദമ്പതികളുടെ മകന് എം.ആര്.രതീഷാണ് (24) മരിച്ചത്.
ഇന്നലെ രാത്രി ഒമ്പതരയോടെ എഴിലോട് ദേശീയപാതയില്‍ കോളനി സ്റ്റോപ്പിന് സമീപമാണ് അപകടം.
അവിവാഹിതനായ ഇയാള്‍ കഴിഞ്ഞ ആറ് വര്‍ഷമായി എടാട്ട് താമരക്കുളങ്ങരയില്‍ അനുജനും അമ്മയുമൊത്ത് വാടക ക്വാർട്ടേഴ്സിൽ താമസിച്ച് പണി ചെയ്തു വരികയായിരുന്നു.ആലക്കോട് താമസിക്കുന്ന ജ്യേഷ്ഠ സഹോദരന് സുമോദിന്റെ വീട്ടില്‍നിന്നു താമസ സ്ഥലത്തേക്ക് തിരിച്ചു വരുന്നതിനിടയിലാണ് അപകടം.
രതീഷ് സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയില്‍ പിന്നാലെ വന്ന കാറിടിച്ചായിരുന്നു അപകടം.റോഡില്‍ തെറിച്ച് വീണ ഇയാളെ നാട്ടുകാര്‍ പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സഹോദരങ്ങള്‍:രജിത്ത്, രജീഷ്.