മാങ്കാംകുഴി: ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റ് യുവാവ് റോഡിൽ രക്തം വാർന്ന് കിടന്നിട്ടും അതു വഴി പോയ വാഹനയാത്രക്കാർ കണ്ട ഭാവം നടിക്കാതെ കടന്നുപോയി. അരമണിക്കൂറോളം തലക്ക് ഗുരുതര പരിക്കേറ്റ് രക്തം വാർന്ന് കിടന്ന യുവാവിന് ഒടുവിൽ ദാരുണ അന്ത്യം.
വെട്ടിയാർ വല്ല്യത്ത് മുക്കിന് സമീപം മണിക്കശേരിൽ സജു (32) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്തോടെ പന്തളം മാവേലിക്കര റോഡിൽ കൊച്ചാലുംമൂടിന് സമീപം വച്ചായിരുന്നു അപകടം. സജു സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് റോഡരുകിലെ മരത്തിലിടിച്ചായിരുന്നു അപകടം.
തെരുവ് നായ ബൈക്കിന് കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിടുകയായിരുന്നെന്ന് പറയപ്പെടുന്നു. ഗുരുതര പരിക്കേറ്റ് റോഡിൽ രക്തം വാർന്ന് യുവാവ് അരമണിക്കൂർ റോഡിൽ കിടന്നിട്ടും അതു വഴി കടന്നുപോയ മറ്റ് വാഹനയാത്രക്കാർ കണ്ട ഭാവംനടിക്കാതെ കാഴ്ചക്കാരെ പോലെ കടന്നുപോയി.
ചിലർ വാഹനം നിർത്തിയെങ്കിലും പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിക്കാൻ തയാറായില്ല. ഒടുവിൽ കൊച്ചാലുംമൂടിന് സമീപം ഉണ്ടായ മറ്റൊരു അപകടമറിഞ്ഞ് സ്ഥലത്തെത്തിയ മാവേലിക്കര സിഐ പി.ശ്രീകുമാർ പോലീസ് ജീപ്പിൽ യുവാവിനെ ആശുപത്രിയിലെത്തിച്ചങ്കിലും മരണം സംഭവിച്ചു. ചെങ്ങന്നൂർ പ്രിയ ഗ്യാസ് ഏജൻസിയിലെ ഡ്രൈവറായിരുന്നു സജു. വിവാഹം കഴിഞ്ഞിട്ട് നാലുമാസമേ ആയൊള്ളൂ. ഭാര്യ ദീപ.