തലശേരി: റോഡിനു കുറുകെ കടപുഴകി വീണ തെങ്ങില്‍ ബൈക്കിടിച്ച് ഗൃഹനാഥന് മരിച്ചു. പാനൂര്‍ പാലത്തായി വലിയപറമ്പത്ത് സതീശ് (37) ആണ് മരണടഞ്ഞത്. ഇന്ന് രാവിലെ ആറോടെ പൂക്കോം കാട്ടിമുക്കിലാണ് സംഭവം. ഇന്നലെ രാത്രി പന്ത്രണ്ടോയെടാണ് തെങ്ങ് വൈദ്യുതി ലൈനിലേക്ക് വീണത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥര്‍ ലൈന്‍ ഓഫ് ചെയ്ത ശേഷം തെങ്ങ് റോഡില്‍ നിന്ന് മാറ്റുകയോ അപകട മുന്നറിയിപ്പുകൾ നൽകുകയോ ചെയ്യാതെ സ്ഥലം വിടുകയായിരുന്നു.രാവിലെ ജോലി സ്ഥലമായ പൂക്കോത്തെ മത്സ്യമാര്‍ക്കറ്റിലേക്ക് ബൈക്കില്‍ വരികയായിരുന്ന സതീശ് റോഡിനു കുറുകെ കിടന്ന തെങ്ങില്‍ ബൈക്കിടിച്ച് വീഴുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ സതീശിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
വൈദ്യുതി ബോർഡ് ജീവനക്കാരുടെ മനുഷ്യത്വഹിതമായ നടപടിയില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ കാട്ടിമുക്ക്-എലാങ്കോട് റോഡ് ഉപരോധിച്ചു. റോഡിനു കുറുകെ കിടന്ന തെങ്ങ് മാറ്റിയിടാന്‍ വൈദ്യുതി ബോർഡ് ജീവനക്കാര്‍ തയ്യറായിരുന്നുവെങ്കില് സതീശന് ജീവന് നഷ്ടപ്പെടില്ലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.
സംഭവത്തില്‍ പ്രതിഷേധിച്ച് പാനൂര്‍ വൈദ്യുതി ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തുമെന്ന് ബിജെപി അറിയിച്ചു.സതീശിന്റെ മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പാലത്തായി വലിയപറമ്പത്ത് പരേതനായ നാണു-നാണി ദമ്പതികളുടെ മകനാണ് സതീശ്. ഭാര്യ: ദീപ. മക്കള്‍: സ്വാതിത്ത് ദേവ്, സംവൃത് ദേവ്. സഹോദരങ്ങള്‍: ശ്രീജ, ശൈലേഷ്.