പെരിഞ്ഞനം (തൃശൂർ): ദേശീയപാത 17ൽ പെരിഞ്ഞനം പഞ്ചായത്ത് ഓഫീസിനു സമീപം കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അമ്മയും കുഞ്ഞും മരിച്ചു. നാലു പേർക്ക് ഗുരുതരമായി പരിക്കേറ്റു. തിരുവനന്തപുരം ചിപ്പൻചിറ കരുമാൻകൊട് പാലോട് സ്വദേശി രതീഷ് ഭവനിൽ രതീഷിന്റെ ഭാര്യ ശബാന (26), മകൻ ആറുമാസം പ്രായമുള്ള നിഹാൽ എന്നിവരാണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ രതീഷ്, ബന്ധുക്കളായ ആറ്റിങ്ങൽ ആലങ്കോട് വിലയിൽ വീട്ടിൽ നിധിൻ (25), ഭാര്യ ശോഭി, പിക്കപ്പ് വാൻ ഡ്രൈവർ കൊടകര സ്വദേശി പ്രചോദ് എന്നിവരെ എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
ഇന്നു പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. കുഞ്ഞിന്റെ ചോറൂണിനായി ഗുരുവായൂരിലേക്ക് പോവുകയായിരുന്ന രതീഷും കുടുംബവും സഞ്ചരിച്ചിരുന്ന കാറും, എറണാകുളത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്.
അപകടത്തിൽ കാർ പൂർണമായും തകർന്നു. അമിതവേഗമാണ് അപകട കാരണമെന്ന് പറയുന്നു. അപകടം നടന്ന ഉടനെ സ്ഥല ത്തെത്തിയ ലൈഫ് ഗാർഡ്, ആക്ട്സ് പ്രവർത്തകരാണ് രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയത്.