ഹരിപ്പാട്: ഗുജറാത്തിൽ അപകടത്തിൽ മരിച്ച മലയാളിയുടെ മരണത്തിലെ ദുരൂഹത കാരണം നാട്ടിലെത്തിച്ച മൃതദേഹം വീണ്ടും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോലീസ് സർജന്റെ നേതൃത്വത്തിൽ ദേഹപരിശോധന നടത്തും.
പുതിയവിള മല്ലിക്കാട്ട് കടവ് ഷിബുഭവനത്തിൽ ശശി-സതി ദന്പതികളുടെ മകൻ ഷാജി(42)യുടെ മൃതദേഹമാണ് വീണ്ടും പരിശോധന നടത്തുന്നത്. മരണത്തിൽ ദുരൂഹത പ്രകടിപ്പിച്ച് ബന്ധുക്കൾ പോലീസിൽ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന.
ഗുജറാത്തിലെ മാൻഗ്രോറിലുളള മാരുതി കോൾഡ് സ്റ്റോറേജിൽ കഴിഞ്ഞ അഞ്ചുവർഷമായി പ്രൊഡക്ഷൻ മാനേജർ കം ഇൻ ചാർജായി ജോലി ചെയ്തു വരികയായിരുന്നു ഷാജി. വ്യാഴാഴ്ച ഉച്ചക്ക് ഇവിടെ സ്റ്റെയർ കേസിൽ നിന്ന് വീണു ഷാജി മരിച്ചതായാണ് കന്പനി അധികൃതർ അറിയിച്ചത്.
കന്പനിയുടെ മുകളിലുള്ള ക്വാർട്ടേഴ്സിൽ ഷാജിയോടൊപ്പമാണ് ഭാര്യ സന്ധ്യയും മകൻ സിദ്ധാർഥും താമസിച്ചു വന്നത്. ഇവരും നാട്ടിലെത്തിയിട്ടുണ്ട്. ക്വാർട്ടേഴ്സിൽ നിന്ന് താഴേക്ക് ഇറങ്ങുന്പോൾ കാൽ തെറ്റി വീണ് പരിക്കേറ്റതായിട്ടാണ് ഭാര്യയെ അറിയിച്ചത്. പക്ഷേ സന്ധ്യ താഴെ വന്ന് നോക്കുന്പോൾ വീണ ലക്ഷണമൊന്നും കണ്ടില്ല.
വിവരമറിഞ്ഞ് അവിടെ തന്നെ അടുത്തുള്ള മറ്റൊരു കന്പനിയിൽ ജോലി ചെയ്യുന്ന അമ്മാവൻ സുരേഷും മലയാളി സമാജം പ്രവർത്തകരും എത്തുന്നതിന് മുന്പേ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പോസ്റ്റ്മോർട്ടം ആരംഭിച്ചിരുന്നു.കന്പനിയുടെ ഉത്തരവാദിത്വമുള്ളവർ ആരും തന്നെ മൃതദേഹത്തെ അനുഗമിക്കുക പോലും ചെയ്തില്ല.
ഇതിലൊക്കെ സംശയം തോന്നി അവിടുത്തെ മലയാളി സമാജം പ്രവർത്തകരാണ് നാട്ടിലുളള ബന്ധുക്കളെ ശരീരത്തിൽ പൊളളലേറ്റിട്ടുണ്ടെന്ന സംശയം അറിയിക്കുന്നത്. നെടുന്പാശേരിയിൽ എത്തിച്ച മൃതദേഹം അടക്കം ചെയ്യാതെ ഓച്ചിറയിലെ സ്വകാര്യ അശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പരാതിയുടെ അടിസ്ഥാനത്തിൽ വീണ്ടും മൃതദേഹ പരിശോധന നടത്താനുളള നടപടി സ്വീകരിച്ചതാണെന്ന് കായംകുളം സിഐ സദൻ അറിയിച്ചു.