അങ്കമാലി: അനധികൃതമായി പാർക്ക് ചെയ്ത ലേറിയിൽ ബൈക്കിടിച്ച് പൂക്കട ഉടമ മരിച്ചു. മഞ്ഞപ്ര നാഷണൽ ഫ്ലവേഴ്സ് ഉടമ നെടുവന്നൂർ മുല്ലശേരി വീട്ടിൽ ഷംസു (50) ആണ് മരിച്ചത്. ഇന്നു പുലർച്ചെ അഞ്ചിന് കാഞ്ഞൂർ പാലത്തിനു സമീപത്താണ് അപകടം.
വീട്ടിൽനിന്നും മഞ്ഞപ്രയിലുള്ള പൂക്കട തുറക്കുന്നതിനായി പോകവെ ലോറിയിലിടിക്കുകയായിരുന്നു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സബിത യാണ് ഭാര്യ. മക്കൾ: ഷിഹാബ്, ഫാത്തിമ സംസ്കാരം ഇന്ന് നാലിന് നെടുവന്നൂർ ജമാ അത്ത് മസ്ജിദിൽ.
കാഞ്ഞൂർ: കാഞ്ഞൂർ ചെങ്ങൽ പാലത്തിനു സമീപം നെടുവന്നൂർ മുല്ലശേരി വീട്ടിൽ ഷംസൂദീന്റെ മരണത്തിനിടയാക്കിയത് ലോറിയുടെ അലക്ഷ്യമായ പാർക്കിംഗ്. ലോഡുമായി വരുന്ന വലിയ വാഹനങ്ങൾ യഥേഷ്ടം നിയന്ത്രണമില്ലാതെ വീതി കുറഞ്ഞ റോഡിൽ പാർക്ക് ചെയ്യുന്നതോടെ മറ്റു വാഹനങ്ങൾക്ക് കടന്നു പോകുവാൻ സാധിക്കാത്ത സ്ഥിതിയാണ്. എതിരെ വലിയ വാഹനങ്ങൾ വരുന്പോൾ ഒരു വശത്തേക്ക് ഒതുക്കുന്നതോടെ പാർക്ക് ചെയ്യുന്ന വാഹനത്തിൽ തട്ടി അപകടം സംഭവിക്കുകയാണ്.
മഞ്ഞപ്ര പുല്ലത്താൻ കവലയിൽ പൂക്കച്ചവടം നടത്തുന്ന ഷംസൂദീൻ ഇന്ന് വെളുപ്പിന് അഞ്ചരയോടെയാണ് പൂക്കൾ ശേഖരിക്കാനായി നെടുവന്നൂരിൽ നിന്നും ബൈക്കിൽ കാലടി ഭാഗത്തേക്കു പോയത്. കാഞ്ഞൂർ ഭാഗത്തു റോഡിനു സമീപം നിർത്തിയിട്ടിരുന്ന ലോറിയുടെ പുറകിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. യാതൊരു സുരക്ഷ സംവിധാനവും ഒരുക്കാതെയാണ് വാഹനം റോഡിനോട് ചേർന്ന് നിർത്തിയിട്ടിരുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.
റിഫ്ളക്ടറുകളോ ഇൻഡിക്കേഷൻ അടയാളങ്ങൾ ഇല്ലാതെ നിർത്തിയിട്ടിരുന്നതിനാലും പുലർച്ചെ ആയതിനാലും, വാഹനം ബൈക്ക് യാത്രികനു കാണാൻ സാധിച്ചില്ലെന്നാണ് കണക്കാക്കുന്നത്. അലക്ഷ്യമായി റോഡിനരികിൽ നിർത്തിയിടുന്ന വലിയ വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് വിവിധ സംഘടനകളുടെ ആവശ്യം.