കോട്ടയം: കോടിമത നാലുവരി പാതയിൽ ബസ് സ്കൂട്ടറിലിടിച്ചു ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ടു വിദ്യാർഥികളിൽ ഒരാൾ മരിച്ചു. താഴത്തങ്ങാടി സ്വദേശി പാറയ്ക്കൽ ഷാജി പി. കോശിയുടെ മകൻ ഷെബിൻ ഷാജി (20) ആണ് മരിച്ചത്.
ബുധനാഴ്ച രാവിലെ ഒന്പതിനു കോടിമതയ്ക്കു സമീപമുള്ള പെട്രോൾ പന്പിൽനിന്നു സ്കൂട്ടറിൽ പെട്രോൾ അടിച്ചശേഷം റോഡിലേക്കു ഇറങ്ങിയപ്പോഴാണു പള്ളം സ്പീച്ച്ലി കോളജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിലെ രണ്ടാം വർഷ ബികോം വിദ്യാർഥികളായ കോടിമത കൗസ്തുഭം സ്വാമിനാഥനും ഷെബിൻ ഷാജിയും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ സ്വകാര്യ ബസിടിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്വാമിനാഥൻ ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാഴാഴ്ച പുലർച്ചെ മൂന്നോടെയാണു ഷെബിൻ ഷാജി മരണത്തിനു കീഴടങ്ങിയത്.
ഇടിയുടെ ആഘാതത്തിൽ ഷെബിൻ ബസിന്റെ അടിയിൽപ്പെട്ടിരുന്നു. നാട്ടുകാർ ചേർന്നു ആദ്യം ജില്ലാ ആശുപത്രിയിൽ എത്തിച്ച വിദ്യാർഥികളെ പിന്നീടാണു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഷെബിന്റെ സംസ്കാരം വെള്ളിയാഴ്ച രാവിലെ 11നു ചാലുകുന്ന് സിഎസ്ഐ പള്ളിയിൽ. മാതാവ്: സൂസണ്‍ ഷാജി, സഹോദരൻ: ഷെറിൻ
അപകടമുണ്ടാക്കിയ കോട്ടയം-ചങ്ങനാശേരി റൂട്ടിൽ സർവീസ് നടത്തുന്ന നിത്യ ബസ് ബസ് ചിങ്ങവനം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.