അന്പലപ്പുഴ: വാഹനാപകടത്തിൽപ്പെട്ടയാളുടെ മൃതദേഹം 15 കിലോമീറ്റർ അകലെ ദേശീയപാതയോരത്ത് കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട വാഹനങ്ങൾ കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ സഹായിക്കുമെന്ന പ്രതീക്ഷയിൽ പോലീസ്. ഇന്നലെ പുലർച്ചെ തോട്ടപ്പള്ളി ഒറ്റപ്പന മാത്തേരി ആശുപത്രിക്കു സമീപം നടന്ന വാഹനാപകടത്തിലെ ദുരൂഹത മാറ്റാൻ ദേശീയപാതയോരത്തുള്ള ഏതെങ്കിലും സിസിടിവി കാമറ സഹായകമാകുമെന്ന പ്രതീക്ഷയിൽ പോലീസ് അന്വേഷണം തുടങ്ങി.
അപകടം നടന്നെന്നു പറയുന്ന സമയത്ത് കടന്നു പോയ വാഹനങ്ങൾ ഏതൊക്കെയാണെന്നു മനസ്സിലായാൽ ഈ കേസിനു തുന്പുണ്ടാക്കാനാവുമെന്ന ഉറച്ച വിശ്വാസത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. അതേസമയം മരണത്തിൽ ദുരൂഹതയില്ലെന്നാണ് പോലീസിന്റെ നിഗമനം. പോസ്റ്റുമോർട്ടം നടത്തിയതിൽ നിന്നും ലഭിച്ച വിവരപ്രകാരം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ മുറിവുകളിൽ ടാറിന്റെ അംശം കണ്ടെത്തിയിരുന്നു. ശരീരത്തിലെ പ്രധാന മുറിവുകളിലൊന്ന് അപകടത്തിലുണ്ടായതാണ്.
ഒരുപക്ഷേ ഇയാളെ ഒരു വാഹനം ഇടിച്ചിടുകയും പിന്നാലെ വന്ന വലിയ വാഹനത്തിൽ ശരീരം കുടുങ്ങി മുന്നോട്ട് പോയിരിക്കാനുമാണ് സാധ്യതയെന്നുമാണ് പോലീസിന്റെ വിലയിരുത്തൽ. സുനിൽകുമാർ ധരിച്ചിരുന്ന വസ്ത്രങ്ങൾ റോഡിൽ ഉരഞ്ഞ് കീറി ഉൗരിപ്പോയതാകാമെന്നുമാണ് പോലീസ് നിഗമനം. അന്പലപ്പുഴ സിഐയുടെയും പുന്നപ്ര എസ്ഐയുടെയും നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
കലവൂർ ഹനുമാരുവെളി സുനിൽ കുമാറിന്റെ (49)മൃതദേഹമാണ് ഇന്നലെ പുലർച്ചെ കളർകോട് ചിന്മയാ സ്കൂളിനു സമീപം കാണപ്പെട്ടത്. ഒറ്റപ്പുന്ന ഭാഗത്തുവച്ച് ഇയാളെ വാഹനമിടിച്ചിരുന്നതായാണ് സൂചന. എന്നാൽ, 15 കിലോമീറ്റർ അകലെയുള്ള സ്ഥലത്ത് നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. തോട്ടപ്പള്ളിയിൽ നിന്ന് ഇയാളെ വാഹനമിടിക്കുന്നത് നേരിൽ കണ്ടയാളാണ് പോലീസിനെ വിവരമറിയിച്ചത്.
തുടർന്ന് പോലീസ് എത്തി അന്വേഷണം നടത്തിയെങ്കിലും അപകടത്തിൽപെട്ടയാളെയോ വാഹനമോ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ ചിന്മയാ സ്കൂളിനു സമീപത്ത് സുനിൽ കുമാറിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വസ്ത്രങ്ങൾ ഇല്ലാതെ റോഡരികിൽ കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സുനിൽ കുമാറിനെ അപകടസ്ഥലത്തുനിന്നും 15 കിലോമീറ്റർ മാറി മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്നാണ് സംഭവത്തിൽ ദുരൂഹതയേറുന്നത്.
പരിക്കേറ്റ് വഴിയിൽ കിടന്ന സുനിൽ കുമാറിനെ ആരെങ്കിലും ആശുപത്രിയിൽ കൊണ്ടുപോകാൻ ശ്രമിക്കുകയും വഴിയിൽ വച്ച് മരണം സംഭവിച്ചതിനെ തുടർന്ന് റോഡിൽ ഉപേക്ഷിച്ചതാവാമെന്നും പോലീസ് സംശയിക്കുന്നു. ഇടിച്ച വാഹനത്തിലുണ്ടായിരുന്നവർ തന്നെ കൊണ്ടുപോയി ഇവിടെ ഉപേക്ഷിച്ചതാണോയെന്നും സംശയമുണ്ട്. എന്നാൽ, മൃതദേഹത്തിൽ വസ്ത്രങ്ങൾ ഇല്ലാതിരുന്നത് കൊലപാതകമാണോ എന്ന സംശയവുമുയർത്തുന്നുണ്ട്.
സുനിൽകുമാറിനെ വാഹനമിടിച്ച ഒറ്റപ്പുന്ന ഭാഗത്ത് രക്തം തളം കെട്ടികിടന്നിരുന്നു. വസ്ത്രങ്ങളം ഐഡി കാർഡും നാലുകിലോമീറ്റർ മാറി അയ്യൻ കോവിക്കൽ ക്ഷേത്രത്തിനു സമീപത്തുനിന്നുമാണ് ലഭിച്ചത്. സുനിൽ കുമാറിന്റെ മകനെത്തിയാണ് ഇയാളെ തിരിച്ചറിഞ്ഞത്. കൊല്ലത്തു നിന്നുമെത്തിയ ഫോറൻസിക് ഓഫീസർ ഹരികുമാറിന്റെ നേതൃത്വത്തിലെത്തിയ സംഘം തെളിവെടുപ്പു നടത്തി. പ്ലന്പിംഗ് ജോലിക്കാരനായ ഇയാൾ നാലു ദിവസം മുന്പ് വീടുവിട്ടിറങ്ങിയതാണെന്ന് ബന്ധുക്കൾ പറഞ്ഞു.
വണ്ടാനം മെഡിക്കൽ കോളജാശുപത്രി മോർച്ചറിയിൽ പോസ്റ്റുമാർട്ടം നടത്തിയ മൃതദേഹം ഇന്നലെ വൈകുന്നേരം അഞ്ചോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. പുന്നപ്ര എസ് ഐ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഭാര്യ: സരസമ്മ. മക്കൾ: സുദേവ്,
സുകന്യ.