അന്പലപ്പുഴ: ദേശീയപാതയിൽ തോട്ടപ്പള്ളിയിലുണ്ടായ വാഹനാപകടത്തിൽ ഗൃഹനാഥൻ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത ഡ്രൈവറെയും ക്ലീനറേയും ഇന്ന് കോടതിയിൽ ഹാജരാക്കും. ലോറി ഡ്രൈവർ കുമാരനല്ലൂർ പെരുന്പായിക്കാട്, വട്ടം മുക്കേൽ ജോർജ് മാത്യുവിന്റെ മകൻ സുനിൽ (30), ക്ലീനർ ടി.വി.പുരം ചെമ്മത്തു കരയിൽ പുല്ലാട്ടു വീട്ടിൽ ശ്രീധരൻ നായരുടെ മകൻ ശ്രീദേവൻ നായർ (47) എന്നിവരെയാണ് ഇന്ന് അന്പലപ്പുഴ പോലീസ് കോടതിയിൽ ഹാജരാക്കുന്നത്. ഇവരെ ഇന്നലെ വൈക്കത്തുനിന്നും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
കൂടുതൽ ചോദ്യം ചെയ്താലേ യഥാർഥ വിവരങ്ങൾ പുറത്തു വരൂ എന്നാണ് പോലീസ് പറയുന്നത്. വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ 13ന് പുലർച്ചെയായിരുന്നു അപകടം. അപകട സ്ഥലത്തുനിന്നും മൃതദേഹം 15 കിലോമീറ്റർ അകലെ കളർകോട് ചിന്മയാ സ്കൂളിനു സമീപമാണ് കാണപ്പെട്ടത്.
കെആർസി പാർസൽ സർവീസിന്റെ കെ എൽ 07 ബി.എ 2240 എന്ന വാഹനമാണ് അപകടമുണ്ടാക്കിയതെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഇന്നലെ രാവിലെ ഒന്പതോടെ വൈക്കം ഭാഗത്തു നിന്നും പോലീസ് വാഹനം പിടികൂടുകയും ഡ്രൈവറെയും ക്ലീനറെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മാരാരിക്കുളം തെക്കു പഞ്ചായത്ത് കലവൂർ ഹനുമാരുവെളിയിൽ സുനിൽ (46) ആണ് വാഹനാപകടത്തിൽ മരിച്ചത്. കഴിഞ്ഞ 13 ന് പുലർച്ചെ രണ്ടോടെ തോട്ടപ്പള്ളിയിൽ ദേശീയപപാത മുറിച്ചുകടന്ന സുനിലിനെ വാഹനമിടിക്കുകയായിരുന്നു. മൃതദേഹം കാണപ്പെട്ടതിന്റെ ഏതാനും മീറ്റർ മാറി പാർസൽ സർവ്വീസിന്റെ ഒരു ബില്ലും കുറച്ചു ചില്ലു കഷണങ്ങളും പോലീസിന് ലഭിച്ചിരുന്നു.
തുടർന്നുള്ള അന്വേഷണത്തിൽ അരൂർ ടോൾ പ്ലാസയിൽ 4.15 ഓടെ ഈ പാർസൽവാൻ മുൻവശത്ത് ഗ്ലാസില്ലാതെ വന്നത് സിസിടിവിയിൽ പതിയുകയും ചെയ്തിരുന്നു. പിന്നീട് ആലുവയിലെ വർക്ക്ഷോപ്പിൽ ചെന്ന് ഇവർ ചില്ലുമാറിയതായും പോലീസിന് വിവരം ലഭിച്ചിരുന്നു. അന്പലപ്പുഴ സി.ഐ.ബിജു.വി.നായർ, എസ്.ഐ.ലൈജു, സി.പി.ഒ മാരായ പ്രദീപ്, അജയൻ എന്നിവരുടെ നേതൃത്വത്തിലാണ് വാഹനം കസ്റ്റഡിയിലെടുക്കുകയും ഡ്രൈവറെയും ക്ലീനറെയും അറസ്റ്റ് ചെയ്യുകയും ചെയ്തത്.