പൊൻകുന്നം: കെകെ റോഡ് വാഴൂരിൽ കാർ താഴ്ചയിലേക്കു മറിഞ്ഞ് അധ്യാപികയ്ക്കു ദാരുണാന്ത്യം. എരുമേലി പാണപിലാവ് ഗവ: സ്കൂൾ പ്രഥമ അധ്യാപിക ഷീനാ ഷംസുദീനാണു മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെ മകളുടെ വിവാഹച്ചടങ്ങു കഴിഞ്ഞു വീട്ടിലേക്കു മടങ്ങുന്പോഴായിരുന്നു അപകടം.
ഭർത്താവ് ഷംസുദ്ദീൻ, മകൻ നെബിൽ എന്നിവരും കാറിലുണ്ടായിരുന്നു. ഗുരുതരമായി പരിക്കേറ്റ മൂവരെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഷീനയുടെ ജീവൻ രക്ഷിക്കാനായില്ല.
കാഞ്ഞിരപ്പള്ളി പൊടിമറ്റം സെന്റ് മേരീസ് ഓഡിറ്റോറിയത്തിൽ നടന്ന വിവാഹത്തിനുശേഷം വൈകിട്ട് കോട്ടയം കുടയംപടിയിലുള്ള വരന്റെ വീട്ടിൽ നടന്ന റിസപ്ഷനിൽ പങ്കെടുത്തു മടങ്ങുകയായിരുന്നു അധ്യാപികയും കുടുംബവും.
വാഴൂർ പതിനേഴാംമൈൽ ഇളമ്പള്ളിക്കവല വളവിൽ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം ഹൈവേയിൽ നിന്നു മുപ്പതടിയോളം താഴെ ഇളംപള്ളി റോഡിലേക്ക് മറിയുകയായിരുന്നു. എരുമേലി പുത്തൻപുരയ്ക്കൽ കുടുംബാംഗമാണു പരേത.