ചങ്ങനാശേരി: ചങ്ങനാശേരി-വാഴൂർ റോഡിലെ തെങ്ങണ ജംഗ്ഷനിൽ സൈലോ കാറും മാരുതി സെന്നും കൂട്ടിയിടിച്ച് സെന്നിൽ സഞ്ചരിച്ച രണ്ടുപേർ മരിച്ചു. ഒരാൾക്കു പരിക്ക്. കറുകച്ചാൽ റിലയൻസ് ട്രെൻഡ്സിലെ ജീവനക്കാരായ കുമാരനല്ലൂർ മംഗലത്ത് എം.ജി.അനിൽകുമാർ (48), കൊല്ലം ഗീതാ ഭവനിൽ കാർത്തിക് (33) എന്നിവരാണ് മരിച്ചത്. സൈലോയിലുണ്ടായിരുന്ന മാമ്മൂട് മാറാട്ടുകളം ആരോൺ പ്രിൻസി(19)നാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 11.30-നായിരുന്നു അപകടം.
കറുകച്ചാലിലെ സ്ഥാപനത്തിൽനിന്ന് ചങ്ങനാശേരിയിലേക്കു പോവുകയായിരുന്ന അനിൽകുമാറും കാർത്തിക്കും സഞ്ചരിച്ച കാറും ചങ്ങനാശേരിയിൽനിന്നു മാമ്മൂട്ടിലേക്ക് വരികയായിരുന്ന ആരോൺ പ്രിൻസും പിതാവും സഞ്ചരിച്ച സൈലോയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവണ്ടികളും എതിർ ദിശയിലേക്ക് തിരിഞ്ഞു. മാരുതികാർ പൂർണമായും തകർന്നു.
അതിഭീകര ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ രണ്ടു വാഹനങ്ങളിലെയും യാത്രക്കാരെ ഉടൻതന്നെ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ അനിൽകുമാറിന്റെയും കാർത്തിക്കിന്റെയും ജീവൻ രക്ഷിക്കാനായില്ല.
തൃക്കൊടിത്താനം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. അപകടത്തെത്തുടർന്ന് ക്രെയിൻ എത്തിച്ചാണ് ഇരുവാഹനങ്ങളും റോഡിൽനിന്നു നീക്കിയത്.
അനിൽകുമാറിന്റെ സംസ്കാരം ഇന്നു രാത്രി എട്ടിന് വീട്ടുവളപ്പിൽ. ഭാര്യ അനുപമ. ഏകമകൾ നമിത പാലക്കാട് നെഹ്റു കോളജ് ബിഫാം വിദ്യാർഥിനിയാണ്. മാധുരിയാണ് കാർത്തിക്കിന്റെ ഭാര്യ. ഏകമകൻ ടിവിൻ (ഒന്നരവയസ്).