തളിപ്പറമ്പ്: കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ടതിനെ തുടർന്ന് റോഡരികിലെ കടയുടെ നെയിംബോര്‍ഡിന്റെ കമ്പി ദേഹത്തു തുളച്ചുകയറി യാത്രക്കാരിക്ക് ദാരുണാന്ത്യം. ചെമ്പേരി കംബ്ലാരിയിലെ പരേതനായ ഇലവുങ്കല്‍ മാത്യുവിന്റെ ഭാര്യ ത്രേസ്യാമ്മ (58) യാണ് മരിച്ചത്. ഇന്ന് രാവിലെ 6.50 ന് തളിപ്പറമ്പ് -ആലക്കോട് റോഡില്‍ ടാഗോര്‍ വിദ്യാനികേതന്‍ സമീപത്തായിരുന്നു അപകടം.
എതിരെ അമിതവേഗത്തിൽ വന്ന നാഷണൽ പെര്‍മിറ്റ് ലോറിയില്‍ ഇടിക്കാതിരിക്കാന്‍ ബസ് വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ട് റോഡിരികിലെ ബിഎസ്എന്‍എല്‍ പോസ്റ്റിലിടിക്കുകയായിരുന്നു. ഇതിനടുത്ത കടയുടെ നെയിംബോർഡ് സ്ഥാപിച്ച കമ്പി ബസിന്റെ ഷട്ടര്‍ തുളച്ച് മുന്‍ഭാഗത്തെ സീറ്റിലിരിക്കുകയായിരുന്ന ത്രേസ്യാമ്മയുടെ കഴുത്തിലൂടെ കയറി മറുവശത്തേക്ക് കടന്ന നിലയിലായിരുന്നു. തല്‍ക്ഷണം മരണം സംഭവിച്ചു.
കരുവഞ്ചാല്‍ സ്വദേശിനിയായ ത്രേസ്യാമ്മ ചെമ്പേരി ലൂര്‍ദ്ദ് മാതാ ഫൊറോന ദേവാലയത്തിലെ ശുചീകരണ തൊഴിലാളിയാണ്. ഇടുക്കി നെടുങ്കണ്ടത്ത് അസുഖമായി കിടക്കുന്ന മൂത്ത സഹോദരിയെ കാണാന്‍ പോകുകയായിരുന്നു. ഇവരുടെ കൂടെ അനുജത്തി തങ്ക, സഹോദരങ്ങളായ സ്കറിയ, കുഞ്ഞൂഞ്ഞ് എന്നിവരും ഉണ്ടായിരുന്നു.
ഇന്നലെ രാത്രി കരുവഞ്ചാലിലെ വീട്ടില്‍ താമസിച്ച് കെഎസ്ആര്‍ടിസിയുടെ പൊന്‍കുന്നത്തേക്കുള്ള കെഎൽ 15 എ 1214 ബസിൽ കയറിയതായിരുന്നു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. മക്കൾ: ബെന്നി(പെയിന്റർ), ബിനു, ബിനോയി, മഞ്ജു. മരുമക്കള്‍: ജോളി(എവര്‍ഗ്രീന്‍ ബ്യൂട്ടി പാര്‍ലര്‍, ചെമ്പേരി), ബൈജു(പുല്‍പ്പള്ളി).