ചാലക്കുടി: ദേശീയപാതയിൽ സൗത്ത് ജംഗ്ഷനിൽ മേൽപാലത്തിൽ ബൈക്കിടിച്ച് യാത്ര ക്കാരിൽ ഒരാൾ പാലത്തിന്റെ മുകളിൽനിന്നും താഴെ റോഡിലേക്കു വീണു മരിച്ചു.പാലക്കാട് അഗളി കാരറ വണ്ടകത്തിൽ തോമസ്- ബീന ദമ്പതികളുടെ മകൻ ടിബിൻ (20) ആണു മരിച്ചത്.
പരിക്കേറ്റ അട്ടപ്പാടി പെരുമാലി തോമസിന്റെ മകൻ ആൽബിനെ (21) ചാലക്കുടി സെന്റ് ജയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ നാലിനാണ് അപകടം.ജോലി തേടി സൃഹൃത്തിനൊപ്പം എറണാകുളത്തേക്കു ബൈക്കിൽ പോകുകയായിരുന്നു ടിബിൻ. നിയന്ത്രണം വിട്ട ബൈക്ക് പാലത്തിന്റെ ഭിത്തിയിൽ ഇടിക്കുകയും ടിബിൻ ബൈക്കിൽ നിന്നു തെറിച്ച് രണ്ട് മേൽപാലങ്ങൾക്കിടയിലെ വിടവിലൂടെ താഴെ റോഡിലേക്കു വീഴുകയുമായിരുന്നു.
വിവരമറിഞ്ഞെത്തിയ പോലീസ് ഇരുവരെയും സെന്റ് ജയിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അല്പസമയത്തിനുശേഷം ടിബിൻ മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നലെ രാത്രി വീട്ടിലെത്തിച്ചു. സംസ്കാരം ഇന്നുരാവിലെ പത്തിന് കാരറ സെന്റ് ജോസഫ് ദേവാലയത്തിൽ. സഹോദരങ്ങൾ: ജിബിൻ, എബി, ജർമിയ.
ചാലക്കുടിയിൽ രണ്ടു മേൽപാലങ്ങൾക്കിടയിലെ വിടവ് വലിയ അപകടങ്ങൾക്കു കാരണമായിരിക്കുകയാണ്. ഏതാനും മാസം മുമ്പ് നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിൽ ലോറിയിടിച്ച് പിക്ക്അപ് വാനിന്റെ ഡ്രൈവർ പാലങ്ങളുടെ വിടവിലൂടെ റോഡിലേക്കു വീണു മരിച്ചിരുന്നു.