അമ്പലപ്പുഴ: കഴിഞ്ഞ പകല്‍ താന്‍ കരയ്ക്കെത്തിച്ച മൃതദേഹത്തിനു തൊട്ടരികില്‍ ഒടുവിൽ ചേതനയറ്റു രക്ഷാപ്രവര്‍ത്തകനും. ചൊവ്വാഴ്ച നവരാക്കലില് വാഹനാപകടത്തില്‍ മരിച്ച പുന്നപ്ര തെക്ക് 14-ാംവാര്‍ഡ് ആലിശേരി കുന്നേല്‍ വിശ്വന്റെ മകന് വിനോദാണ് ചൊവ്വാഴ്ച കടലില്‍ കണ്ട അജ്ഞാത യുവതിയുടെ മൃതദേഹം കരയ്ക്കെത്തിച്ചത്.
ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചതിനു ശേഷമാണ് വിനോദ് തോട്ടപ്പള്ളിയിലേക്കു മടങ്ങുന്നത്. തിരിച്ചു വരുന്നതിനിടെയാണ് വിനോദിന്റെ ജീവനും അപകടത്തിൽ നഷ്ടമായത്.
രാത്രിയോടെ, വിനോദ് കരയ്ക്കെത്തിച്ച മൃതദേഹത്തിനരികിലായി ചേതനയറ്റ് വിനോദിന്റെ ദേഹവുമെത്തി.അഞ്ചു മാസം മുമ്പ് സംസ്ഥാന ഫിഷറീസ് വകുപ്പ് രൂപീകരിച്ച സീ റെസ്ക്യൂ ഗാര്‍ഡായിട്ടാണ് കരാര്‍ അടിസ്ഥാനത്തില്‍ വിനോദ് ജോലിയില്‍ ചേരുന്നത്.
വേനല്‍മഴയും കാറ്റും കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായതിനാല്‍ റെസ്ക്യൂഗാര്‍ഡ്, ജോലി സമയം കഴിഞ്ഞും തോട്ടപ്പള്ളിയില്‍ തങ്ങാറുണ്ട്. ചൊവ്വാഴ്ച വൈകിട്ടുണ്ടായ കാലാവസ്ഥപ്രശ്നം മൂലം ജോലിസമയം കഴിഞ്ഞും വിനോദ് തോട്ടപ്പള്ളിയില്‍ തങ്ങിയിരുന്നു.
പിന്നീടുള്ള തിരിച്ചുവരവിലായിരുന്നു അപകടം. 2018ലെ പ്രളയത്തില്‍ കിഴക്കന്‍ ജില്ലയില്പ്പെട്ടവരുടെ ജീവന് രക്ഷിക്കാന്‍ വിനോദ് മുൻനിരയില്‍ ഉണ്ടായിരുന്നു. അതിന്റെ പരിഗണനയിലാണ് ഗാര്‍ഡ് ജോലി ലഭിച്ചത്.
പിതാവ് വിശ്വന് വര്‍ഷങ്ങളായി ഹൃദയസംബന്ധമായ ചികിത്സയിലാണ്. ആരോഗ്യസംബന്ധമായ ബുദ്ധിമുട്ട് കാരണം അമ്മ ഉഷ വല്ലപ്പോഴുമേ ജോലിക്കു പോകാറുള്ളു.
തീരം കരിഞ്ഞതോടെ വീട് പട്ടിണിയിലാകുമെന്നു കരുതിയാണ് വിനോദ് ലൈഫ്ഗാര്‍ഡ് ജോലിക്കെത്തിയത്. ഇവിടെ ശമ്പളമല്ലാതെ മറ്റ് ആനുകൂല്യങ്ങളുമില്ല.
ജോലിക്കിടയില്‍ അപകടത്തില്‍പ്പെട്ടാല്‍ പോലും വേണ്ട സംരക്ഷണം ലഭിക്കില്ലെന്നാണ് പറയുന്നത്. അവിവാഹിതനായ വിനോദിന്റെ സഹോദരന് ബിനു ഓട്ടോ ഡ്രൈവറാണ്. സ്വന്തമായി ഓട്ടോ ഇല്ലാത്തതിനാല്‍ വാടകയ്ക്കാണ് വാഹനം ഓടിച്ചിരുന്നത്. ദുരിതങ്ങളിലൂടെ കടന്നുപോകുന്ന കുടുംബത്തിനു വിനോദിന്റെ വിയോഗം ഇനിയും വിശ്വസിക്കാനായിട്ടില്ല.