ചവറ: ദേശീയപാതയില്‍ മത്സ്യത്തൊഴിലാളിയെ ഇടിച്ചു വീഴ്ത്തി കടന്നു കളഞ്ഞ കാറിനെ കണ്ടെത്താനായില്ല. ഴിഞ്ഞദിവസം രാത്രി 8.45 ഓടെ നീണ്ടകര വേട്ടുത്തറ ജംഗ്ഷനിൽ റോഡ് മറിക്കടക്കാൻ ശ്രമിക്കുന്നതിനിടയിൽ കൊല്ലം ഭാഗത്ത് നിന്നു വന്ന കാര്‍ ഇടിച്ച് മത്സ്യത്തൊഴിലാളിയായ വേട്ടുതറ കുരിശും മൂട്ടില് യേശുദാസന് മരിച്ചിരുന്നു.
അമിത വേഗതയില്‍ വന്ന കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ച് വീണയാളെ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ പോലും ശ്രമിക്കാതിരുന്ന കാറില്‍ ഉണ്ടായിരുന്നവരെ കണ്ടെത്തമെന്നാവശ്യവും ഉയർന്നിട്ടുണ്ട് . അപകടത്തിനു കാരണമായ കാറിൽ തന്നെ പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിൽ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നുവെന്നും നാട്ടുക്കാർ പറയുന്നു.
അതുവഴി വന്ന ആംബുലൻസിൽ യേശുദാസനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ദേശീയപാതയില്‍ സ്ഥാപിച്ച നിരീക്ഷണ കാമറ പരിശോധിച്ചാല്‍ കാര്‍ കണ്ടെത്താം. എന്നാല്‍ പോലീസ് അതിന് തയാറാകുന്നില്ല എന്നാരോപണം ഉയരുകയാണ്. അമിത വേഗതയില്‍ വന്ന കാര്‍ നിര്‍ത്താതെ പോയതില്‍ ദുരൂഹത ഉണ്ടെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. എന്നാല്‍ കാര്‍ കണ്ടെത്താനുളള അന്വേഷണത്തിലാണന്ന് പോലീസ് പറയുന്നു.
അതേസമയം അപകട സമയത്ത് ദേശീയപാതയുടെ വിവിധ ഭാഗങ്ങളിൽ ഹൈവേ പോലീസ്, കണ്ട്രോള് റും, ചവറ പോലീസ് എന്നിവരുടെ വാഹനങ്ങളും ഉദ്യോഗസ്ഥരും ഉണ്ടായിരുന്നിട്ടും രാത്രിയില്‍ തന്നെ കാര്‍ കണ്ടെത്താന്‍ ശ്രമം നടത്തിയില്ല എന്ന പരാതിയും ഉയർന്നിട്ടുണ്ട്. എന്നാൽ അപകടത്തിനിടവരുത്തിയ കാറിനെയും കാറിൽ ഉണ്ടായിരുന്നവരേയും ഉടൻ കണ്ടെത്തുമെന്ന് ചവറ പോലീസ് പറഞ്ഞു.