പിലാത്തറ(കണ്ണൂർ): ഭര്‍ത്താവിന്റെ ദൂരൂഹമരണത്തിന്റെ കാരണം കണ്ടെത്താനാകാതെ രണ്ട് പെണ്‍കുട്ടികളെ അനാഥരാക്കി ഭാര്യയും വാഹനാപകടത്തില്‍ മരിച്ചു. പിലാത്തറ ചുമടുതാങ്ങിക്ക് സമീപം താമസിച്ച് ഡിസൈന്‍ ജോലികള്‍ ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശി പാറശാല ചെങ്കല്‍ വട്ടവിള അഴകിക്കോണത്തെ ഹരികുമാര്‍ ഒന്നര വര്‍ഷം മുമ്പാണ് താമസ സ്ഥലത്തിന് സമീപത്തെ റോഡില്‍ അജ്ഞാത വാഹനമിടിച്ച് മരിച്ചത്.
ഈ സംഭവത്തില്‍ പരിയാരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നുവെങ്കിലും കേസ് ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. അപകടവുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ ഒരു സ്വിഫ്റ്റ്കാര്‍ പരിയാരം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും ഉന്നതതല ഇടപെടലിനെ തുടര്‍ന്ന് കാര്‍ വിട്ടുകൊടുക്കുകയായിരുന്നു.
പിന്നീട് ഈ കേസിന്റെ അന്വേഷണം മരവിക്കുകയായിരുന്നു. ബന്ധുക്കള്‍ പലതവണ തിരുവനന്തപുരത്തുനിന്നും വന്ന് അന്വേഷണം ഊര്‍ജിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവരെ നേരില്‍ കണ്ടിട്ടും ഒന്നുമായില്ല. ഇടിച്ചുവീഴ്ത്തിയ വണ്ടി കണ്ടെത്താനാവാത്തതിനാല്‍ യാതൊരുവിധ സാമ്പത്തിക ആനുകൂല്യങ്ങളും കുടുംബത്തിന് ലഭിച്ചിരുന്നില്ല.
വികലാംഗയായ ഭാര്യ ജലജകുമാരി ഒരു ടെക്സറ്റൈല്‍ ഷോപ്പില്‍ ജോലിചെയതാണ് കുടുംബം പുലര്‍ത്തിയിരുന്നത്. അതിനിടയിലാണ് കഴിഞ്ഞ ദിവസംസ്വകാര്യ ബാങ്കില്‍ വായ്പ ഇളവ് ചെയ്ത് നല്‍കുന്നതിന് ഭര്‍ത്താവിന്റെ മരണസര്‍ട്ടിഫിക്കറ്റ് നല്കി മടങ്ങുകയായിരുന്ന ജലജകുമാരി സുഹൃത്തിന്റെ സ്കൂട്ടറിന്റെ പിറകിലിരുന്ന് യാത്രചെയ്യവെ തിങ്കളാഴ്ച്ച കെഎസ്ആര്‍ടിസി ബസിടിച്ച് മരിച്ചത്.
ലക്ഷമി, പാര്‍വതി എന്നീ രണ്ടുപെണ്മക്കളാണ്. ഇവര്‍ക്കുള്ളത് ജലജകുമാരിയുടെ മരണത്തോടെ കുട്ടികള്‍ അനാഥരായിരിക്കയാണ്. എഴുപതുകാരിയായ ഹരികുമാറിന്റെ അമ്മ കൃഷ്ണമ്മ മാത്രമാണ് കുട്ടികളുടെ ഏക ആശ്രയം. ഹരികുമാറിന്റെ ദുരൂഹമരണത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.