അടൂര്‍: എംസി റോഡില്‍ കിളിവയലിലും കുളനടയിലും വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഓയില്‍ റോഡില്‍ കൂടി ഒഴുകി. കിളിവയലില്‍ രാത്രി 12.30 ഓടെയാണ് സംഭവം. തിരുവനന്തപുരത്തു നിന്നു മത്സ്യം കയറ്റി അടൂര്‍ ഭാഗത്തേക്കു വന്ന വാനും അടൂരില്‍ നിന്നും കൊട്ടാരക്കരയ്ക്കു പോയ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
നിയന്ത്രണം വിട്ട വാന്‍ റോഡിലേക്കു മറിഞ്ഞു. മത്സ്യ വാഹനത്തിലെ ഐസ് വെള്ളം ഡീസലുമായി ചേര്‍ന്ന് റോഡില്‍ കൂടി ഒഴുകി ഗതാഗതം തടസപ്പെട്ടു. വാഹനങ്ങളില്‍ ഉണ്ടായിരുന്നവരെ പരിക്കുകളോടെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
കുളനടയില്‍ പുലര്‍ച്ചെ രണ്ടോടെയാണ് ചെങ്ങന്നൂര്‍ ഭാഗത്തു നിന്നു വന്ന പിക്കപ്പും പന്തളത്ത് നിന്നു ചെങ്ങന്നൂര്‍ ഭാഗത്തേക്കു പോയ ബിഎംഡബ്ല്യു കാറും തമ്മില്‍ കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തില്‍ പിക്കപ്പിന്റെ ടാങ്കില്‍ നിന്ന് ഡീസല്‍ റോഡില്‍ ഒഴുകി ഗതാഗതം തടസപ്പെട്ടു. രണ്ടു സ്ഥലങ്ങളിലും അടൂര്‍ അഗ്നിശമന സേന എത്തി ഓയില്‍ നിക്കം ചെയ്തു ഗതാഗതം പുനഃസ്ഥാപിച്ചു.