പാലക്കാട്: കാർ ഇടിച്ച് ബൈക്ക് യാത്രികനായ ഡോക്ടർ മരിച്ച സംഭവത്തിൽ കാർ ഓടിച്ച പതിനേഴുകാരനെതിരേയും വാഹനമോടിക്കാൻ നൽകിയതിന് ഉടമയ്ക്കെതിരേയും ട്രാഫിക് പോലീസ് കേസെടുത്തു.പാലക്കാട് മെഡിക്കൽ കോളജിലെ ഡോക്ടർ തൃശൂർ കേരള വർമ കോളജ് റോഡ് പ്രശാന്ത് നഗറിൽ പി.നവീൻകുമാർ (38) ആണ് മരിച്ചത്. അപകടത്തിൽ ഡോക്ടറുടെ ഭാര്യയും പാലക്കാട് മെഡിക്കൽ കോളജിലെ ഡോക്ടറുമായ ജയശ്രീക്കും ഇവരുടെ മകൻ ഒന്നാംക്ലാസ് വിദ്യാർഥി പാർഥിപിനും (ആറ്) പരിക്കേറ്റിരുന്നു. ജയശ്രീയുടെ പരിക്ക് ഗുരുതരമാണ്. ശനിയാഴ്ച രാത്രി പത്തരയോടെ നൂറണി പെട്രോൾപന്പിനടുത്തുവച്ചാണ് അപകടം. ദന്പതിമാർ സഞ്ചരിച്ച ബൈക്കിൽ നിയന്ത്രണംവിട്ട കാർ ഇടിക്കുകയായിരുന്നു.
കാറോടിച്ച് അപകടം വരുത്തിയ പതിനേഴുകാരനെ മാറ്റി മറ്റൊരാളെ പ്രതിയാക്കാൻ ശ്രമം നടത്തുന്നതായും ആക്ഷേപമുണ്ട്. പിരായിരി സ്വദേശിയാണ് പതിനേഴുകാരൻ. ഡോക്ടർ ദന്പതികൾ മെഡിക്കൽ കോളജിൽ നിന്ന് ജോലികഴിഞ്ഞ് താമസസ്ഥലമായ വെങ്കിടേശ്വര ഗാർഡൻസിലെത്തി മകനുമായി പുറത്തേക്കിറങ്ങിയതായിരുന്നു. വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങി തിരികെ പോകുന്പോഴാണ് അപകടം. അപകടംവരുത്തിയ കാർ ബൈക്കിടിച്ചതിനുശേഷം സമീപത്തെ വെയ്റ്റിംഗ് ഷെഡിലേക്കും ഇടിച്ചുകയറി. ലക്കിടി സ്വദേശി നാലകത്ത് സുലൈമാന്റെ ഉടമസ്ഥതയിലുള്ളതാണ് കാർ. 279-വകുപ്പുപ്രകാരവും 388-ാം വകുപ്പുപ്രകാരവുമാണ് പതിനേഴുകാരനെതിരെ കേസെടുത്തിട്ടുള്ളത്. അമിതവേഗതയിലാണ് കാർ ബൈക്കിൽവന്നിടിച്ചത്. നാരായണനുണ്ണിയുടെയും പാർവതിയുടെയും മകനാണ് അപകടത്തിൽ മരിച്ച ഡോ. നവീൻകുമാർ. സഹോദരൻ: പ്രവീണ്‍.