അന്തിക്കാട്: അന്തിക്കാട് ആൽ സെന്ററിൽ വാഹനമിടിച്ചു വലതുകാലും ഷോൾഡറും തകർന്നു റോഡരുകിൽ ജീവനുവേണ്ടി പിടഞ്ഞ തെരുവുനായയ്ക്കു നാട്ടുകാരും തളിക്കുളം അനിമൽ കെയർ സൊസൈറ്റി പ്രവർത്തകരും രക്ഷകരായി.
നാലുവയസുള്ള ജുഗ്ര എന്ന തെരുവുനായക്കാണ് അന്തസാർന്ന ആരോഗ്യപരിചരണം ലഭിച്ചത്. അപകടത്തിൽ വലത് കാലിന്റെ രണ്ടുഭാഗങ്ങളിൽ എല്ല് ഒടിഞ്ഞിട്ടുണ്ട്.
രക്ഷാപ്രവർത്തകരെത്തി ഇഞ്ചക്ഷൻ എടുത്തതിനുശേഷം പ്ലാസ്റ്ററ്റർ ഇട്ടു. കാലുകളിലും ശരീരത്തിന്റെ പലയിടങ്ങളിലും മുറിവുകളും ചതവുകളും നീരുമുണ്ട്.
വാഹനമിടിച്ചു തെരുവിൽ വീണ നായയുടെ പിടച്ചിൽകണ്ട് നാട്ടുകാർ മൃഗസ്നേഹിയായ അന്തിക്കാട് കല്ലിടവഴി സ്വദേശി പി. വി. അശോകനെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് അശോകൻ നൽകിയ വിവരത്തെ പിന്തുടർന്നാണു തളിക്കുളത്തെ അനിമൽ കെയർ സൊസൈറ്റി പ്രവർത്തകർ ചികിത്സാസജ്ജരായി എത്തിയത്.
പി.ആർ. രമേഷ്, കെ. കെ. ശൈലേഷ്, അജിത്ത് കുമാർ ഏങ്ങണ്ടിയൂർ, സത്യൻ വാക്കാട്ട് എന്നിവരുടെ നേതൃത്വത്തിൽ മണിക്കൂറെടുത്താണു തെരുവുനായയ്ക്കു ചികിത്സ നൽകിയത്.