ആളൂർ: കല്ലേറ്റുംകരയിൽ റെയിൽപാളത്തിനരികെ പരിക്കേറ്റ് കിടന്ന നായയ്ക്കു പരിചരണം നൽകി റെയിൽവേ ജീവനക്കാർ മാതൃകയായി.
ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ പരിസരത്താണു കഴിഞ്ഞദിവസം നായയെ കാലിനു പരിക്കേറ്റ് അവശനിലയിൽ കണ്ടത്. തീവണ്ടിയിടിച്ചതിനെ തുടർന്ന് പിൻകാൽ ചതഞ്ഞരഞ്ഞ നിലയിലായിരുന്നു.
വിവരമറിഞ്ഞ റെയിൽവേ സ്റ്റേഷനിലെ കമേഴ്ഷ്യൽ സൂപ്രന്റ് ടി.ശിവകുമാർ, ട്രാഫിക് അസിസ്റ്റന്റ് അഖിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ നായയെ പരിചരിക്കുന്നതിനായി പ്ലാറ്റ്ഫോമിലേക്കു കൊണ്ടു വന്നു.
പിന്നീട് ആളൂർ മൃഗാശുപത്രിയിലെ സീനിയർ വെറ്റിനറി സർജൻ ഡോ. ജോണ് കണ്ടംകുളത്തി റെയിൽവേ സ്റ്റേഷനിലെത്തി ചികിത്സ നൽകി.
കാലിന്റെ പാദം ചതഞ്ഞ നിലയിലാണ്. ഇതു മുറിച്ചു നീക്കുന്നതിനും തുടർ ചികിത്സയ്ക്കുമായി അടുത്തദിവസം മണ്ണുത്തി വെറ്ററിനറി കോളജ് ആശുപത്രിയിലേക്കു കൊണ്ടു പോകുമെന്നു റെയിൽവേ അധികൃതർ പറഞ്ഞു.