കളികള്‍ക്കിടയില്‍ അപകടങ്ങള്‍ സംഭവിക്കുക സാധാരണമാണ്. പ്രത്യേകിച്ച് ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കിടയില്‍. ഫുട്ബോള്‍ മത്സരത്തിനിടയിലെ കൂട്ടിയിടിക്കൊടുവില്‍ നാവ് വിഴുങ്ങി മരണത്തെ മുഖാമുഖം കണ്ട ഗോളിയെ എതിര്‍ ടീം താരം രക്ഷിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ടോംഗോയുടെ താരമായ ഫ്രാന്‍സിസ് കോണെയാണ് കളിക്കളത്തിലെ സമയോചിത ഇടപെടല്‍ കൊണ്ട് താരമായി മാറിയിരിക്കുന്നത്. ചെക്ക് റിപ്പബ്ലിക്കിലെ ഫുട്ബോള്‍ ലീഗ് മത്സരത്തിനിടെയായിരുന്നു സംഭവം.
ബൊഹെമിനോസ് 1905ഉം സ്ലോവാക്കോയും തമ്മിലുള്ള മത്സരം അരമണിക്കൂര്‍ പൂര്‍ത്തിയായപ്പോഴാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ബൊഹെമിയന്‍സിന്റെ ഗോളിയായ ബെര്‍ക്കോവെക്കും സ്വന്തം ടീമിലെ പ്രതിരോധക്കാരനും തമ്മിലാണ് കൂട്ടിയിടി നടന്നത്. കൂട്ടിയിടിക്കൊടുവില്‍ നിലത്തു വീണ 28കാരന്‍ ബെര്‍ക്കോവക്കരികിലുണ്ടായിരുന്നത് ഫ്രാന്‍സിസ് കോണെയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നാവ് വിഴുങ്ങിയ ബെര്‍ക്കോവക്കിന്റെ വായില്‍ കയ്യിട്ട് കോണെ നാവ് വലിച്ച് പുറത്തെടുക്കുകയായിരുന്നു. അതിശക്തമായ കൂട്ടിയിടികള്‍ നടക്കാന്‍ സാധ്യതയുള്ള ഫുട്‌ബോള്‍ മത്സരങ്ങള്‍, ബോക്‌സിംഗ് മത്സരങ്ങള്‍ എന്നിവയ്ക്കിടയിലാണ് ഇത്തരം അപകടങ്ങള്‍ സാധാരണ നടക്കാറുള്ളത്. നാവ് മടങ്ങി കുടുങ്ങുകയാണ് ചെയ്യുന്നത്. മരണം വരെ സംഭവിക്കാവുന്ന അപകടമാണിത്.
കൃത്യസമയത്ത് കോണെ ഇടപെട്ടതുകൊണ്ടാണ് വലിയൊരു ദുരന്തം ഒഴിവാക്കാനായത്. മത്സരശേഷം ബെര്‍ക്കോവെക്ക് തന്റെ നന്ദി ഫ്രാന്‍സിസ് കോണെയെ അറിയിക്കുകയും ചെയ്തു. ഇതിന് ശേഷം ഫേസ്ബുക്കില്‍ സംഭവം വിവരിച്ചുകൊണ്ട് ബെര്‍ക്കോവെക്ക് പോസ്റ്റിടുകയും ചെയ്തു. സ്ലൊവാക്കോയുടെ പരിശീലകന്‍ തന്നെ പിന്നീട് കോണെയ്ക്ക് നന്ദി അറിയിച്ചിട്ടുണ്ട്. ഒരു ദിവസത്തെ ആശുപത്രിവാസത്തിന് ശേഷമാണ് ബെര്‍ക്കാവെക്ക് പിന്നീട് താമസസ്ഥലത്തേക്ക് പോയതും. മറ്റൊരു ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലും ഇതിന് ശേഷം 26കാരനായ ഫ്രാന്‍സിസ് കോണെ നടത്തി. ഫുട്ബോള്‍ കളി തുടങ്ങിയ ശേഷം ഇത്തരത്തില്‍ മൂന്ന് പേരുടെ നാവ് വിഴുങ്ങുന്നതില്‍ നിന്നും രക്ഷിച്ചിട്ടുണ്ടെന്നാണ് കോണെയുടെ വെളിപ്പെടുത്തല്‍. ആഫ്രിക്കയിലും ഏഷ്യയിലും വിവിധ ടീമുകള്‍ക്ക് വേണ്ടി കളിക്കുമ്പോഴായിരുന്നേ്രത ഈ സംഭവങ്ങള്‍.
https://youtu.be/0xnC0fGD1UM