കൊച്ചി: കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ഇടപ്പള്ളി-വൈറ്റില ബൈപ്പാസിലുണ്ടായതു മൂന്ന് വലിയ അപകടങ്ങള്‍. ഇത്രയും അപകടങ്ങളിലായി നാലുപേര്‍ മരിച്ചപ്പോള്‍ പരിക്കേറ്റത് മുപ്പതോളംപേര്ക്കും.
ഇന്നലെ ഉച്ചകഴിഞ്ഞുണ്ടായ അപകടത്തില്‍ റിട്ട. പോലീസ് ഉദ്യോഗസ്ഥന് ഉള്‍പ്പെടെ രണ്ടുപേര്‍ അതിദാരുണമായി മരിച്ചതാണ് മൂന്നാമത്തെ അപകടം.
റിട്ട. പോലീസ് ഉദ്യോഗസ്ഥന് വരാപ്പുഴ കൂനമ്മാവ് ചെമ്മായം സ്വദേശി കടത്തുകടവില്‍ ശശിധരന് (78), തൃപ്പൂണിത്തുറ ചിത്തിരനഗര്‍ സ്വദേശി കാഞ്ഞിരത്തിങ്കല്‍ പരേതനായ കുട്ടിയുടെ ഭാര്യ ചിന്ന (72) എന്നിവരാണു മരിച്ചത്.
ഇവര്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞു 3.30നായിരുന്നു അപകടം. ഇടപ്പള്ളി ഭാഗത്തുനിന്നു വൈറ്റില ഭാഗത്തേക്കു പോകുമ്പോള്‍ പുനര്‍നിര്‍മാണം നടക്കുന്ന പാലാരിവട്ടം മേല്‍പാലത്തിന്റെ വൈറ്റില ഭാഗത്തെ യു ടേണിനു സമീപത്തുവച്ചായിരുന്നു അപകടം.
ഇരു വാഹനങ്ങളും ഒരേ ദിശയില്‍ പോകുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്കു തെറിച്ചുവീണ ഇരുവരുടെയും ദേഹത്തിലൂടെ ടാങ്കര്‍ ലോറി കയറിയിറങ്ങി.
ചിന്നയെ വരാപ്പുഴയിലെ ബന്ധുവീട്ടില്‍നിന്നും തൃപ്പൂണിത്തുറയിലെ വീട്ടിലേക്കു കൊണ്ടുപോകുംവഴിയാണു അപകടമുണ്ടായത്. ഇരുവരുടെയും മൃതദേഹങ്ങള്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കുശേഷം മൃതദേഹം ഇന്നുതന്നെ ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും.
രണ്ടു ദിവസംമുമ്പാണ് ഇതിന് ഏതാനും ദൂരത്തിനപ്പുറം മറ്റൊരപകടം നടന്നത്. ലോറി ശരീരത്തിലൂടെ കയറിയിറങ്ങി സ്കൂട്ടര്‍ യാത്രികനായ യുവാവാണ് ഈ അപകടത്തില്‍ മരണപ്പെട്ടത്. പെരുമ്പാവൂര്‍ അല്ലപ്ര കാട്ടുങ്കല്പറമ്പില് ജോണ്‍ ജൂഡ്(24) ആണ് മരിച്ചത്.
സ്കൂട്ടറില്‍ ജോലിക്കു പോകവെ ഒരേ ദിശയില്‍ സഞ്ചരിക്കുകയായിരുന്ന ജോണിന്റെ സ്കൂട്ടറും ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. ലോറി ശരീരത്തിലൂടെ കയറിയിറങ്ങി ജോണ്‍ തല്‍ക്ഷണം മരിച്ചു. എറണാകുളത്ത് മൊബൈല്‍ കമ്പനിയിലെ സെയില്‍സ് വിഭാഗത്തില്‍ ജോലി ചെയ്തു വരികയായിരുന്നു ജൂഡ്.
കഴിഞ്ഞ മാസം 30 ന് പുലര്‍ച്ചെ നിയന്ത്രണംവിട്ട കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്സ് ബസ് മീഡിയനിലെ തണല്‍ മരത്തിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ ബസ് ഡ്രൈവര്‍ മരിച്ചതാണ് ആദ്യ അപകടം.
ബസ് ഡ്രൈവര്‍ തിരുവനന്തപുരം തിരുപുരം ബദനിത്തോപ്പില് സുകുമാറിന്റെ മകന് അരുണ്‍ സുകുമാര്‍ (40) ആണ് ഈ അപകടത്തില്‍ മരിച്ചത്. ബൈപ്പാസില്‍ ചക്കരപ്പറമ്പ് ഗീതാഞ്ജലി ബസ് സ്റ്റോപ്പിനു സമീപം പുലര്‍ച്ചെ 4.30 ഓടെയാണു അപകടമുണ്ടായത്.
കണ്ടക്ടര്‍ ഉള്‍പ്പെടെ മുപ്പതോളം പേര്‍ക്കാണു അപകടത്തില്‍ പരിക്കേറ്റത്. തിരുവനന്തപുരത്തുനിന്നും കോഴിക്കോടേക്കു പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.
മറ്റ് യാത്രികരുടെ പരിക്ക് ഗുരുതരമല്ലാതിരുന്നതിനാല്‍ അപകടത്തിന്റെ വ്യാപ്തി കുറയുകയായിരുന്നു. ഏറെ നാളുകള്‍ക്കുശേഷമാണ് ബൈപ്പാസ് റോഡില്‍ ഇത്തരത്തില്‍ അപകടങ്ങള്‍ വര്‍ധിക്കുന്നത്.
അപകടങ്ങളെത്തുടര്‍ന്ന് സ്ഥലത്ത് ഏറെനേരം ഗതാഗതം സ്തംഭിക്കുന്നത് മറ്റ് യാത്രികര്‍ക്കും വിനയാകുന്നുണ്ട്. നിലവില്‍ പാലാരിവട്ടം മേല്‍പ്പാലത്തിന്റെ പുനനിര്‍മാണ ജോലികള്‍ പുരോഗമിക്കുന്നതിനാല്‍ ഇവിടെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തന്മൂലം ചില സമയങ്ങളില്‍ ബൈപ്പാസ് റോഡില്‍ വാഹനങ്ങളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. അമിത വേഗതയില്ലെങ്കിലും ഡ്രൈവര്‍മാരുടെ അശ്രദ്ധയാണു അപകടങ്ങള്‍ക്കു കാരണമെന്നാണു സൂചന.