കടുത്തുരുത്തി: ഏറ്റുമാനൂര്‍-എറണാകുളം റോഡില്‍ പതിവായി വാഹനാപകടങ്ങള്‍ ഉണ്ടാകുന്ന കുറുപ്പന്തറ പുളിന്തറ വളവ് നിവര്‍ത്താന്‍ തയാറാകാത്ത സര്‍ക്കാര്‍ അനാസ്ഥയില്‍ പ്രതിഷേധിച്ചു യുഡിഎഫ് മാഞ്ഞൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മയും പ്രതിഷേധ സമരവും സംഘടിപ്പിച്ചു.
പ്രതിപക്ഷ ചീഫ് വിപ്പ് അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.പുളിന്തറ വളവില്‍ നിരന്തരമായി അപകടങ്ങള്‍ സംഭവിച്ചിട്ടും വളവ് നിവര്‍ത്താന്‍ നിശ്ചയിച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കാതെ സര്‍ക്കാര്‍ കാണിക്കുന്ന അനാസ്ഥ മനുഷ്യ ജീവനോടുള്ള വെല്ലുവിളിയാണെന്ന് എംഎല്‍എ പറഞ്ഞു.
പുളിന്തറ വളവ് നിവര്‍ത്തുന്നത് യാഥാര്‍ത്ഥ്യമാകണമെങ്കില്‍ അളവ് തിട്ടപ്പെടുത്തി മാറ്റിയിട്ടിരിക്കുന്ന സ്വകാര്യ വ്യക്തികളുടെ ഭൂമി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണം. ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ ഇനിയും നീണ്ടുപോയാല്‍ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും എംഎല്‍എ പറഞ്ഞു.
പുളിന്തറ വളവിന്റെ അപകടാവസ്ഥ പരിഹരിക്കുന്നതിന് ആവിഷ്കരിച്ചിരിക്കുന്ന വികസന പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, റവന്യൂ വകുപ്പ് മന്ത്രി കെ.രാജന് എന്നിവര്‍ക്ക് എംഎല്‍എ നിവേദനം നല്‍കിയിരുന്നു.
മാഞ്ഞൂര്‍ മണ്ഡലം യുഡിഎഫ് ചെയര്മാന് ലൂക്കോസ് മാക്കിയില്‍ അധ്യക്ഷത വഹിച്ച ജനകീയ കൂട്ടായ്മയില്‍ ഡിസിസി സെക്രട്ടറി സുനു ജോര്‍ജ്, കേരളാ കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയംഗം മാഞ്ഞൂര്‍ മോഹന്‍കുമാര്‍, യുഡി എഫ് കണ്‍വീനര്‍ ജോണ്‍ നീലംപറമ്പില്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സി.എം. ജോര്‍ജ്, ബ്ലോക്ക് മെമ്പര്‍ ആന്‍സി മാത്യു, മാഞ്ഞൂര്‍ പഞ്ചായത്ത് മെമ്പര്‍മാരായ ലിസി ജോസ്, സാലിമ ജോളി, ചാക്കോ മത്തായി, ടോമി കാറുകുളം, റ്റി. എന്‍. നിധീഷ്, അപ്പച്ചായി പാളിയില്‍, ജിസ് കൊല്ലംപറമ്പില്‍, ജസ്റ്റിന് വട്ടക്കാലായില്‍, വിനോദ് പുതിയാപറമ്പില്‍, ജോമോന് എളൂപുറത്ത് എന്നിവര്‍ പങ്കെടുത്തു.