അടിമാലി: ധ്യാനകേന്ദ്രത്തിൽനിന്നു മടങ്ങുകയായിരുന്ന വൈദികർ സഞ്ചരിച്ചിരുന്ന കാർ ദേശീയപാതയിൽ കൊക്കയിലേക്കു മറിഞ്ഞു നാലുപേർക്കു പരിക്കേറ്റു. ഇന്നലെ രാവിലെ പത്തോടെ വാളറ അഞ്ചാംമൈലിനു സമീപമാണ് അപകടമുണ്ടായത്. കൊടുങ്ങല്ലൂർ ഒഎസ്ജെ സഭയിലെ വൈദികരായ ഫാ. ജോഷി കോനത്ത്, ഫാ. സുനിൽ കല്ലറയ്ക്കൽ, ഫാ. പോൾ തോട്ടത്തിൽശേരിയിൽ, ഫാ. ബിജു സേവ്യർ എന്നിവർക്കാണു പരിക്കേറ്റത്. ഫാ. ബിജു സേവ്യറാണു വാഹനം ഓടിച്ചിരുന്നത്.
എതിരെവന്ന വാഹനത്തിനു സൈഡ് കൊടുക്കുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് 80 അടി താഴ്ചയിലേക്കു മറിയുകയായിരുന്നു. മരത്തിൽതട്ടിയാണു കാർ നിന്നത്.
ചെങ്കുളത്തെ ധ്യാനാശ്രമത്തിൽ ധ്യാനത്തിൽ പങ്കെടുത്തു മടങ്ങുകയായിരുന്നു വൈദികർ. ആരുടേയും പരിക്ക് സാരമുളളതല്ല. ഇവരെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാതയിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നിരവധി റോഡപകടങ്ങളാണുണ്ടായിരിക്കുന്നത്.