സ്വന്തം ലേഖകൻ
പട്ടിക്കാട്(തൃശൂർ): തൃശൂർ-പാലക്കാട് ദേശീയപാതയിൽ കുതിരാനിൽ ഫിനോൾ കയറ്റിവന്ന ലോറി മറിഞ്ഞു. ലോറിയിൽ നിന്ന് ഫിനോൾ ചോർന്നത് പുഴയിലേക്ക് ഒഴുകിപ്പോകാതിരിക്കാൻ ശ്രമങ്ങൾ തുടരുന്നു. പരിസരവാസികൾക്ക് ജാഗ്രത നിർദ്ദേശം നൽകി.ഇന്നു പുലർച്ചെ 1.45ഓടെ വഴുക്കുംപാറ കുതിരാൻ കയറ്റം തുടങ്ങിടത്ത് വെച്ചാണ് ഫിനോൾ കയറ്റി വന്ന ടാങ്കർ ലോറി താഴ്ച്ചയിലേക്ക് മറിഞ്ഞത്.
കൊച്ചിയിൽ നിന്നും മുംബൈയിലേക്ക് ഫിനോൾ കയറ്റി പോകുന്ന ടാങ്കർ ലോറി പാലക്കാട് ഭാഗത്തുനിന്നും തൃശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ട്രെയിലർ ലോറിയിൽ ഇടിച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു. വിവരമിറഞ്ഞ് രണ്ടുമണിയോടെ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങളും ഫിനോൾ വെള്ളത്തിൽ കലർന്ന് മണലിപ്പുഴയിലേക്ക് ഒലിച്ചുപോകാതിരിക്കാനുള്ള മുൻകരുതലുകളും ആരംഭിച്ചു. മറിഞ്ഞ ലോറിയിൽ നിന്ന വൻതോതിലാണ് ഫിനോൾ ചോർച്ചയുണ്ടായത്.
കൊറോഫീവ് ഇനത്തിൽ പെട്ട ഹൈഡ്രേറ്റ് ഫിനോൾ വീര്യം കൂടിയ ഫിനാളാണ്. രക്ഷാപ്രവർത്തനത്തിനിടെ മഴ പെയ്തതോടെ കുതിരാൻ മലകളിൽ നിന്നും ഒലിച്ചുവന്ന വെള്ളത്തിൽ ഫിനോൾ കലർന്നു. ഈ വെള്ളം മണലിപ്പുഴയിലേക്ക് പോകുമെന്നതിനാൽ ഇത് തടയാനുള്ള മുൻകരുതലുകളാണ് പിന്നീടുണ്ടായത്. ഹിറ്റാച്ചി കൊണ്ടുവന്ന് ലോറി മറിഞ്ഞതിനു സമീപമുള്ള പറന്പിൽ വലിയൊരു കുഴിയെടുത്ത് അതിൽ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് അതിലേക്ക് ഫിനോൾ ഒഴുക്കിശേഖരിച്ച് വെള്ളത്തിൽ കലരാതെ ശ്രദ്ധിക്കുകയാണ്.
വീര്യം കൂടിയ ഫിനോൾ ആയതിനാൽ വെള്ളത്തിൽ കലരുന്നത് അപകടകരമാണെന്ന് അധികൃതർ സൂചിപ്പിച്ചു. അതിവീര്യമുള്ള ഫിനോളായതിനാൽ ഒരു ലിറ്റർ ഫിനോൾ ലയിപ്പിക്കേണ്ടത് ആയിരം ലിറ്റർ വെള്ളത്തിലാണ്. മാരകമായ ഫിനോൾ ശരീരത്തിലെ മുറിവുകളിൽ പറ്റിയാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാകുമെന്നതുകൊണ്ട് വളരെ സൂക്ഷിച്ചാണ് ഫയർഫോഴ്സും പോലീസും മറ്റ് അധികൃതരും രക്ഷാപ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്നത്.
മുറിവുകളുണ്ടെങ്കിൽ ശരീരത്തിൽ ആകുകയാണെങ്കിൽ മാരകമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും. തൃശൂർ എസിപി വി.കെ.രാജു, പീച്ചി പോലീസ്, ഫയർഫോഴ്സ്, വില്ലേജ് ഓഫീസർമാർ എന്നിവർ സ്ഥലത്ത് എത്തിയിരുന്നു. ജില്ലാ ഫയർ ഓഫീസർ സുജിത്ത്, സ്റ്റേഷൻ ഓഫീസർ എ.എൽ.ലാസർ, ലീഡിംഗ് ഫയർമാൻ ഹരി എന്നിവരുടെ നേതൃത്വത്തിലുള്ള 18ഓളം പേരാണ് പുലർച്ചെ മുതൽ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
പീച്ചി പോലീസും ഇവർക്ക് സഹായമായി എത്തി.രാവിലെ എട്ടരയോടെ എച്ച്ഒസി കന്പനിയിൽ നിന്നും ഉദ്യോഗസ്ഥരെത്തി ലോറി ഉയർത്താനുള്ള ശ്രമം തുടങ്ങി. മൂന്നു ക്രെയിനുകൾ ഉപയോഗിച്ചാണ് ലോറി ഉയർത്താൻ ശ്രമിക്കുന്നത്. അതേസമയം നീർചാൽ ഒഴുകിപ്പോകുന്ന പ്രദേശങ്ങളിൽ മീനുകൾ ചത്തുപൊങ്ങിയതായി നാട്ടുകാർ പറയുന്നു.അപകടത്തിൽ ഡ്രൈവർക്ക് ചെറിയ പരിക്കുണ്ട്. ഫിനോൾ ലോറി മറിഞ്ഞതറിഞ്ഞ് പ്രദേശത്തെ രാഷ്ട്രീയ-പൊതുപ്രവർത്തകരും സ്ഥലത്തെത്തിയിരുന്നു.നു