തലയോലപ്പറമ്പ്: കരിമ്പിൻ ജ്യൂസ് ഉണ്ടാക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങിയതിനെത്തുടർന്ന് 16കാരന്റെ ഇടതുകൈയ്ക്കു ഗുരുതര പരിക്ക്.
തലയോലപ്പറമ്പ് പൊതി മേഴ്സി ആശുപത്രിയുടെ സമീപം കരിമ്പിൻ ജ്യൂസ് സ്റ്റാൾ നടത്തുന്ന ഉത്തർപ്രദേശ് സ്വദേശി മജേഷി(16) നാണ് ഇന്നലെ വൈകിട്ട് 5.30 ഓടെ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്.
നിലവിളി കേട്ട് ഓടിയെത്തിയ സമീപത്തെ ഓട്ടോ ഡ്രൈവർമാർ മേഴ്സി ആശുപത്രിയിലെത്തിച്ചു പ്രഥമ ശുശ്രൂഷ നൽകി. വിവരമറിഞ്ഞു സ്ഥലത്തെത്തിയ പഞ്ചായത്ത് അംഗം സജിമോൻ വർഗീസ് വിദഗ്ധ ചികിത്സയ്ക്കായി മജേഷിനെ കോട്ടയം മെഡിക്കൽ കോളജിലെത്തിച്ചു.
ഇടതുകൈയുടെ മുട്ടിനു താഴെ കൈപ്പത്തിയോടു ചേർന്ന ഭാഗത്തെ അസ്ഥികൾ തകരുകയും ഞരമ്പുകൾ മുറിഞ്ഞു വേർപെടുകയും ചെയ്തിരുന്നു.
കൗമാരക്കാരന്റെ കൈ പരിശോധിച്ച ഡോക്ടർമാരുടെ സംഘം ഗുരുതരാവസ്ഥ കണക്കിലെടുത്ത് ഇടതുകൈ മുട്ടിനു മീതെ മുറിച്ചുനീക്കി. പത്തു ദിവസം മുമ്പാണു പിതാവ് മരണപ്പെട്ട മജേഷ് യുപിയിൽനിന്ന് പൊതിയിലെത്തിയത്.