അന്പലപ്പുഴ: അമിതവേഗതയിൽ പോയ സ്വകാര്യ ബസിൽ നിന്നും തെറിച്ചു വീണ് യുവതിക്ക് ഗുരുതര പരിക്ക്. തിരുവന്പാടി പുത്തൻ വെളിയിൽ പുരുഷോത്തമന്റെ മകൾ ഹരിപ്രിയ (23) ക്കാണ് ബസിൽ നിന്നും വീണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം 5.30 ഓടെ ആലപ്പുഴ കല്ലുപാലത്തിൽ വച്ചായിരുന്നു സംഭവം. ജോലി കഴിഞ്ഞ് ഫാത്തിമ എന്ന സ്വകാര്യ ബസിൽ വീട്ടിലേക്കു മടങ്ങുകയായിരുന്നു പെണ്കുട്ടി.
ബസ് കല്ലുപാലത്തിലെ വളവിലെത്തി ബ്രേക്ക് ചെയ്തപ്പോൾ യുവതി തെറിച്ചു വീഴുകയായിരുന്നു. തലയടിച്ചു വീണ ഹരിപ്രിയയെ കണ്ട്രോൾ റും പോലീസ് ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ ഇവിടെ നിന്നും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സ്ഥിതി കൂടുതൽ വഷളായതിനാൽ രാത്രിയോടെ യുവതിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.