കോട്ടയം: വാഹനാപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിക്കുന്നവർക്ക് കാഷ് അവാർഡ് നൽകാൻ മോട്ടോർ വാഹന വകുപ്പ്.
“ഗുഡ് സമരിറ്റൻ’ എന്ന പുരസ്കാരമാണ് രാജ്യമെന്പാടും വ്യാപിപ്പിച്ച് കേന്ദ്രസർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്.
അപകടത്തിൽപ്പെട്ട് ആരും സഹായിക്കാനില്ലാതെ റോഡിൽ ജീവൻ പൊലിയുന്ന നിരവധി സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഗുഡ് സമരിറ്റൻ പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.
അയ്യായിരം രൂപയും പ്രശംസാപത്രവുമാണ് പുരസ്കാരമായി നൽകുന്നത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആളുകളെ ആശുത്രിയിൽ എത്തിക്കുന്നവർക്കു പരമാവധി അയ്യായിരം രൂപയായിരിക്കും നൽകുക.
ഒരു അപകടത്തിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്ന എല്ലാവർക്കും തുല്യമായിട്ടായിരിക്കും ഈ തുക വീതിച്ചു നൽകുക. അപകടമുണ്ടായി ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ ആശുപത്രിയിൽ എത്തിച്ചിരിക്കണം.
അപകടത്തിൽ ഗുരുതമായി പരിക്കേറ്റിരുന്നുവെന്നുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് കൂടി പരിഗണിച്ചായിരിക്കും പുരസ്കാരം സമ്മാനിക്കുന്നത്.
കൂടാതെ ദേശീയ തലത്തിൽ 10 പേർക്ക് ഓരോ വർഷവും ഗുഡ് സമരിറ്റൻ പുരസ്കാരം നൽകും.
ഒരു ലക്ഷം രൂപയും പ്രശംസാപത്രവും അടങ്ങുന്നതായിരിക്കും ഈ പുരസ്കാരം. ഒക്ടോബർ 15 മുതൽ പദ്ധതി നടപ്പിലാക്കാനാണ് കേന്ദ്രസർക്കാർ നിർദേശിച്ചിരിക്കുന്നത്.
ജിബിൻ കുര്യൻ